കോട്ടയം : രാഷ്ട്രപതിയെ ഒരുനോക്കുകാണാൻ ഇന്നലെ രാവിലെ മുതൽ കുമരകം - കോട്ടയം റോഡിൽ കൊച്ചുകുട്ടികളടക്കം നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. ഇന്നലെ രാവിലെ 10.45 ന് കുമരകം താജ് ഹോട്ടലിൽ നിന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും വഹിച്ചുള്ള വാഹനവ്യൂഹം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപേ സുരക്ഷയുടെ ഭാഗമായി റോഡ് ബ്ലോക്കാക്കി. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി യാത്രക്കാരും വഴിയരികിൽ സ്ഥാനമുറപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 21 മിനിറ്റിനുള്ളിൽ രാഷ്ട്രപതി കോട്ടയത്തു നിന്ന് കുമരകം താജിൽ എത്തിയിരുന്നു. എന്നാൽ മടക്ക യാത്രയിൽ കുമരകം ചന്തക്കവലയിലും, ഇല്ലിക്കൽ കവലയിലും ആവേശഭരിതരായ ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രപതി കാർ നിറുത്തി പുറത്ത് ഇറങ്ങി റോഡിനിരുവശവും നിന്നവരെ അഭിവാദ്യം ചെയ്തു നീങ്ങിയതിനാൽ കോട്ടയത്തെത്താൻ കൂടുതൽ സമയമെടുത്തു. രാഷ്ട്രപതിയെയും വഹിച്ചുള്ള ഹെലികോപ്ടർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ഉയർന്ന ശേഷമായിരുന്നു ഗതാ ഗതത്തിനായി റോഡ് തുറന്നുകൊടുത്തത്. മണിക്കൂറുകൾക്കു മുമ്പ് തടഞ്ഞിട്ട വാഹനങ്ങൾ ഒന്നിച്ച് റോഡിലിറങ്ങിയതോടെ തലങ്ങും വിലങ്ങും വാഹനങ്ങൾ കുടുങ്ങി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്കഴിച്ചത്. ചില സ്കൂളുകൾക്ക് ഇന്നലെ അവധി നൽകിയിരുന്നു. മറ്റു സ്കൂളുകളിലെ ക്ലാസുകൾ നേരത്തേ ആരംഭിച്ചു. ഓഫീസിലും മറ്റുമെത്തേണ്ട ജീവനക്കാർ വാഹനങ്ങളിൽ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു.
കുമരകത്ത് ഹെലിപ്പാഡ് ആലോചിക്കുമെന്ന് മന്ത്രി
കുമരകത്ത് ഹെലിപ്പാഡില്ലാത്തതിന്റെ ദുരിതം ജനം ഇന്നലെ നേരിട്ടറിഞ്ഞു. കുമരകത്ത് അടിയന്തരമായി ഹെലിപ്പാഡ് നിർമിക്കണമെന്ന കേരളകൗമുദി വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുമരകത്തെ റിസോർട്ട്, ഹൗസ് ബോട്ട്, ടൂറിസ്റ്റ് ടാക്സി മേഖലയിലുള്ളവർ ഈ ആവശ്യം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി വളർന്ന കുമരകത്ത് ഹെലിപ്പാഡ് ആവശ്യമാണെന്നും, അതിന് വേണ്ട നടപടികൾ ആലോചിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |