
കോട്ടയം : അതിരമ്പുഴ കടക്കാൻ കൈയ്‌മെയ് മറന്നാണ് മുന്നണികളുടെ പ്രവർത്തനം. കർഷകരും കർഷക തൊഴിലാളികളും വിധി നിർണയിക്കുന്ന ഡിവിഷൻ. കേരള കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന അതിരമ്പുഴയിലെ മത്സരം പ്രവചനാതീതമാക്കുന്നതിന് കാരണങ്ങൾ പലതുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഡിവിഷന്റെ ഏതെങ്കിലുമൊരു ഭാഗത്തു ശക്തമായ സ്വാധീനമുണ്ടെന്നതിനാൽ മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണ്. യു.ഡി.എഫിനോട് കൂറു പുലർത്തുമെന്ന് തോന്നുമെങ്കിലും അതിരമ്പുഴയിൽ എൽ.ഡി.എഫ് അട്ടിമറി നേടിയ ചരിത്രവുമുണ്ട്. മൂന്ന് മുന്നണികൾക്കും റിബലുകളില്ലെന്നതാണ് ആത്മവിശ്വാസം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് മത്സരിക്കുമ്പോൾ, കേരള കോൺഗ്രസ് (എം) കളത്തിലറക്കുന്നത് മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ജിം അലക്സിനെയാണ്.
2015 ൽ ജിം യു.ഡി.എഫ് വിമതനായി കളത്തിലിറങ്ങിയപ്പോഴാണ് ഇടത് സ്ഥാനാർത്ഥി ജയിക്കുന്നത്. ഡിവിഷൻ മാണി വിഭാഗത്തിന് വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് ജിം അലക്സ് വിമതനായി മത്സരിച്ചതെങ്കിൽ ഇക്കുറി അതേ വിമതനെ സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുന്നതിലൂടെ ജോസ് കെ.മാണി മധുര പ്രതികാരവും വീട്ടുന്നു. അന്ന് സി.പി.എമ്മിലെ മഹേഷ് ചന്ദ്രനേക്കാൾ 621 വോട്ട് മാത്രം പുറകിൽ 14807 വോട്ട് ജിം നേടി. അന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥിയ്ക്ക് കിട്ടിയത് 11810 വോട്ട് മാത്രം. എന്നാൽ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തിന് പിന്നാലെ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിലെ റോസമ്മ സോണി 2326 വോട്ടിനാണ് വിജയിച്ചത്. ദിവ്യ വി. നായരെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. കന്നിയങ്കമാണ് വിദ്യയുടേത്.
ഏറ്റവും കൂടുതൽ വോട്ടർമാർ
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള അതിരമ്പുഴ ഡിവിഷനിൽ അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്തുകൾ പൂർണമായും അയ്മനം, നീണ്ടൂർ പഞ്ചായത്തുകൾ ഭാഗികമായും ഉൾപ്പെടുന്നു. നിലവിൽ അതിരമ്പുഴയിലും ആർപ്പൂക്കരയിലും യു.ഡി.എഫ്. ഭരണമാണ്. പൊതുവേ യു.ഡി.എഫ്. ചായ്‌വുണ്ടെങ്കിലും ഇത്തവണ എൽ.ഡി.എഫ്. സർജിക്കൽ സ്‌ട്രൈക്കിലൂടെ ജിമ്മിനെ സ്ഥാനാർഥിയാക്കിയതോടെ കളം മാറി. ജയ്സണും ജിമ്മും അതിരമ്പുഴ പഞ്ചായത്തുകരാണ്, ഇരുവർക്കും വ്യക്തി ബന്ധങ്ങളും പരിചയങ്ങളുമേറെ. അയ്മനം ഒഴികെയുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ് മേൽക്കൈ പ്രതീക്ഷിക്കുന്നു. വ്യക്തിബന്ധങ്ങൾക്കൊപ്പം അയ്മനം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലെ ഇടതു വോട്ടുകളിലാണ് എൽ.ഡി.എഫ്.പ്രതീക്ഷ. അതിരമ്പുഴയിലെ യു.ഡി.എഫ്. മേധാവിത്വം ഇത്തവണ അവസാനിപ്പിക്കായെും എൽ.ഡി.എഫ്. കണക്കു കൂട്ടുന്നു. ഓരോ തെരഞ്ഞെടുപ്പിലും ശരാശരി രണ്ടായിരത്തിലേറെ വോട്ട് വർദ്ധിപ്പിക്കുന്ന ബി.ജെ.പി അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലാണ് പ്രധാനമായും നോട്ടമിടുന്നത്.
ജെയ്സൺ ജോസഫ് (കേരള കോൺഗ്രസ്)
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ജെയ്സൺ സൗമ്യമുഖമാണ്. കെ.എസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത്. കെ.എസ്.സിയിലും യൂത്ത്ഫ്രണ്ടിലും വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചു. യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗവുമാണ്. കോട്ടയം, ഏറ്റുമാനൂർ ബാറുകളിൽ അഭിഭാഷകനായ ജയ്സൺ അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും, മാന്നാനം കെ.ഇ.ഇം ഇംഗ്ളീഷ് മീഡിയം സ്‌കൂൾ പി.ടി.എ. പ്രസിഡന്റുമാണ്.
ജിം അലക്സ് (കേരള കോൺഗ്രസ് എം)
ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിലെ പൊതുരംഗത്തെ നിറസാന്നിദ്ധ്യം. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. 2015 ൽ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഞെട്ടിച്ചു. 2010- 2015 കാലയളവിൽ അതിരമ്പുഴ പഞ്ചായത്തംഗമായിരുന്നു. എസ്.എച്ച് മൗണ്ടിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ് ലിമിറ്റഡിന്റെ ട്രൂ വാല്യൂ ഡിവിഷനിൽ അഡ്മിനിസ്‌ട്രേഷൻ മാനേജരായി ജോലിചെയ്യുന്നു. യൂത്ത് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്, മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ കഞ്ഞി വിതരണം ചെയ്യുന്ന സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ്.
വിദ്യ വി.നായർ (ബി.ജെ.പി)
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ വിദ്യ വി.നായർ കാൽനൂറ്റാണ്ടായി ബി.ജെ.പി പ്രവർത്തകയാണ്. ഇപ്പോൾ ബി.ജെ.പി കുമരകം മണ്ഡലം സെക്രട്ടറി. ആർപ്പൂക്കരയിലാണ് താമസം. മഹിളാമോർച്ച നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്, മഹിളാമോർച്ച ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി, ബി.ജെ.പി ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സാംസ്‌കാരിക - സാമൂഹ്യ - പൊതു പ്രവർത്തന മേഖലകളിൽ നിറസാന്നിദ്ധ്യം. 2018 പ്രളയസമയത്തും 2021 കൊവിഡ് കാലത്തും സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
നിർണായകം
സർക്കാർ വിരുദ്ധ വികാരം
ഇടതു സ്ഥാനാർത്ഥിയുടെ വ്യക്തിബന്ധം
കേരള കോൺഗ്രസുകളുടെ സ്വാധീനം
കാർഷിക പ്രശ്നങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |