
കോട്ടയം : റബർപ്പാലിൽ പള്ളികൊള്ളുന്ന കോട്ടയത്ത് റബർ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നു. തുടർച്ചയായ വിലയിടവിൽ നട്ടം തിരിഞ്ഞ കർഷകർ പൈനാപ്പിൾ, കമുക് കൃഷികളിലേക്കാണ് തിരിഞ്ഞത്. അടയ്ക്കാ വില ഉയർന്നതോടെ മലയോരമേഖലയിലുള്ളവരാണ് കൂടുതലായും കമുക് കൃഷി തിരഞ്ഞെടുത്തത്. ഏക്കർ കണക്കിന് തോട്ടങ്ങളിലെ മരങ്ങളാണ് വെട്ടിമാറ്റിയത്. കാടു പിടിച്ചു കിടക്കുന്ന റബർ തോട്ടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കാട്ടുമൃഗങ്ങളുടെ ശല്യവും പലയിടങ്ങളിലും രൂക്ഷമാണ്. മുൻപ് കൈത ചെടികൾക്കിടയിൽ റബർ തൈകളായിരുന്നു വച്ചുപിടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കമുക് ഇടംനേടി.
റബർ പുനർക്കൃഷിയ്ക്ക് സഹായവുമായി സംസ്ഥാന സർക്കാരും, റബർ ബോർഡും മുന്നോട്ടുവന്നിട്ടും മുഖം തിരിഞ്ഞു നിൽക്കുകയാണ് കർഷകർ. 10 - 35 വർഷം റബർ മേഖലയിൽ ഉണ്ടായിരുന്നവരാണ് പലരും. മുൻപ് റബർ കൃഷി ഉണ്ടായിരുന്നതും ജലലഭ്യതയുള്ളതുമായ സ്ഥലങ്ങൾ ലീസിന് നൽകുന്നതാണ് പുതിയ രീതി. കോഴിവളർത്തലിനും പന്നിവളർത്തലിനുമാണ് പലരും ഇത് വാങ്ങുന്നത്.
റബറിന് 192, അടയ്‌ക്കയ്‌ക്ക് 500
റബറിന് 240 രൂപയായിരുന്ന സമയത്ത് ഒരു കിലോ അടയ്ക്കായുടെ വില 50 രൂപയായിരുന്നു. ഇപ്പോൾ റബറിന് 200 രൂപയിൽ താഴെയും അടയ്ക്കയ്‌ക്ക് 500 ന് മുകളിലുമാണ്. തൈ നട്ട് മൂന്ന് വർഷം കഴിയുമ്പോൾ വിളവെടുക്കാവുന്നതിനാൽ കമുക് കൃഷിയാണ് ലാഭം. പൈനാപ്പിൾ കൃഷിയ്ക്ക് തോട്ടം നൽകിയാൽ ഒരേക്കറിന് ഒരുലക്ഷം രൂപ വരെ പാട്ടത്തുക വർഷം ലഭിക്കും. റബർത്തൈ വെച്ചാൽ മൂന്നു വർഷത്തിനു ശേഷം പൈനാപ്പിൾ കൃഷി ചെയ്യാനാകില്ല.
ടാപ്പിംഗിന് ആളെ കിട്ടാനില്ല
ദൈനംദിന സാധനങ്ങൾക്ക് ഉൾപ്പെടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ തുച്ഛമായ കൂലിയ്ക്ക് റബർ വെട്ടാൻ ആരും തയ്യാറാകുന്നില്ല. റബർ ബോർഡ് ആദ്യകാലങ്ങളിൽ ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും റബർ വെട്ടുന്നതിന് ആവശ്യമായ പരിശീലനം നൽകിയിരുന്നു. ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ മാത്രമാണ് പരിശീലനം. ഇതോടെ പരിശീലനം ലഭിച്ച തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കൂടാതെ, പുതുതലമുറയിലുള്ളവർ റബർ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല.
''റബറിന്റെ നാടായ ജില്ലയിൽ നിന്ന് സർക്കാർ ധനസഹായം ഉണ്ടായിട്ടും കൃഷി കുറഞ്ഞുവരുന്നത് പഠന വിധേയമാക്കണം. (എബി ഐപ്പ്,കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |