
ഒന്നിച്ച് നിന്നാലും ചങ്കു പറിച്ചുകൊടുക്കില്ല കാലുവാരും രണ്ടായി നിന്നാൽ പിന്നെ പറയണോ? ഇന്ത്യയിലെ ആദ്യ പ്രാദേശിക കക്ഷിയായിട്ടും വളരും തോറും പിളർന്നുപിളർന്ന് ഒമ്പതു കഷണങ്ങളായി ഇടതു വലതു മുന്നണികളിലുള്ള കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ അൽപ്പമെങ്കിലും ജനപിന്തുണയുള്ളത് മാണി -ജോസഫ് ഗ്രൂപ്പുകൾക്കാണ്.
പാലായും തൊടുപുഴയും തൊട്ടു ചേർന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ഇരുഗ്രൂപ്പുകൾ കണ്ടാൽ കടിപിടി കൂടുന്ന കീരിയും പാമ്പുമാകും. കയ്യാങ്കളിയില്ലെങ്കിലും വാക്ക് പോര് അതിനെ കടത്തി വെട്ടും. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇത് മുറുകി. കൂടുതൽ സീറ്റിനെ ചൊല്ലിയാണ് തർക്കം. ആകെ മൊത്തം കണക്കെടുത്താൽ സീറ്റിന്റെ എണ്ണത്തിൽ തങ്ങളാണ് മുന്നിലെന്നും മാണി ഗ്രൂപ്പ് ചിഹ്നമായ രണ്ടില വാടിയെന്നും ജോസഫ് ഗ്രൂപ്പ് പരിഹസിക്കുമ്പോൾ ജോസഫ് ഗ്രൂപ്പ് ചിഹ്നം ഓട്ടോ റിക്ഷ മറിഞ്ഞെന്നും കണക്കുനിരത്തി മാണി ഗ്രൂപ്പ് തിരിച്ചടിക്കുമ്പോൾ ആരു പറയുന്നതാണ് യഥാർത്ഥ കണക്കെന്ന് അറിയാതെ വാപൊളിച്ചു നിൽക്കാനേ ചുറ്റുവട്ടത്തുള്ളവർക്ക് കഴിയുന്നുള്ളൂ.
മാണി ഗ്രൂപ്പിന്റെ ശക്തി ചോർന്നുവെന്ന് ജോസഫ് പറയുമ്പോൾ തന്നെ മാണി ഗ്രൂപ്പിനെ എങ്ങനെയും യു.ഡിഎഫിലെത്തിക്കാനാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. തങ്ങളുടെ ശക്തി കുറഞ്ഞെങ്കിൽ എന്തിന് കോൺഗ്രസ് നേതാക്കൾ പിറകേ നടക്കുന്നുവെന്ന മാണി ഗ്രൂപ്പ് നേതാക്കളുടെ ചോദ്യത്തിന് മറുപടിയില്ല. യു.ഡിഎഫ് വൻ വിജയം നേടിയെന്ന് അവകാശപ്പെടുന്ന കോട്ടയത്ത് ജോസഫ് ഗ്രൂപ്പിലും സീറ്റ് മാണി ഗ്രൂപ്പിനെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഇടതുമുന്നണിയ്ക്ക് ഇപ്പറയുന്ന ദോഷം സംഭവിച്ചിട്ടില്ല. നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്ന ജില്ലാ പഞ്ചായത്തുകൾ ഏഴെണ്ണം വീതം ഇരു മുന്നണികളും പിടിച്ചത് ഇതിന് തെളിവുമാണ്. പഞ്ചായത്ത്, ബ്ലോക്ക് ,നഗരസഭകൾ കുറഞ്ഞത് അയ്യപ്പന്റെ മുതലിൽ തൊട്ടു കൈ പൊള്ളിയതടക്കം ഇടതു മുന്നണിനേതാക്കളുടെ കൈയ്യിലിരിപ്പു കൊണ്ടാണെന്നാണ് വോട്ടർമാർ വിശ്വസിക്കുന്നത്.
മാണി ഗ്രൂപ്പിനെ യു.ഡി.എഫിൽ എടുക്കേണ്ടെന്നും കോൺഗ്രസ് നേതാക്കൾ പിറകേ മണത്ത് നടക്കേണ്ട ആവശ്യമില്ലെന്നും ജോസഫ് ഗ്രൂപ്പു നേതാക്കൾ പറയുമ്പോൾ കോൺഗ്രസെന്ന പരുന്തിന്റെ മുകളിൽ കയറി ഇരിക്കുന്ന കുരുവിയുടെ ശക്തിയേ ജോസഫ് ഗ്രൂപ്പിനുള്ളൂവെന്നാണ് മാണി ഗ്രൂപ്പിന്റെ തിരിച്ചടി. ഉരുളയ്ക്ക് ഉപ്പേരി പോലെ ഇരു വിഭാഗവും കൊണ്ടും കൊടുത്തും മുന്നേറുമ്പോൾ ഇതെന്നെങ്കിലും അവസാനിക്കുമോ എന്നാണ് ചോദിക്കാനുള്ളത്.
രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. നാളെ രണ്ടു ഗ്രൂപ്പുകളും യു.ഡിഎഫിലോ എൽ.ഡി.എഫിലോ എത്താം. അത്തരമൊരു ഗതികേട് സംഭവിച്ചാൽ എന്തായിരിക്കും പാളയത്തിനുള്ളിലെ പട എന്നോർത്തു ഞെട്ടിപ്പോവുകയാണ് ചുറ്റുവട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |