
കോട്ടയം : തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് പേരൂർ തച്ചനാട്ടിൽ ജി.എസ്.ലക്ഷ്മി മരിച്ച സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ വ്യാജരേഖകൾ ചമച്ച കേസിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.ജയ്‌പാൽ ജോൺസണടക്കം നാലുപേർക്കെതിരെ ഏറ്റുമാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ലക്ഷമിയ്ക്ക് ആവശ്യത്തിന് രക്തവും രക്തഘടങ്ങളും നൽകിയിരുന്നില്ലെന്നും ഡോ.ജെയ്‌പാലിന് ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും അടക്കമുള്ള കണ്ടെത്തലുകളോടെയാണ് കേസ് അന്വേഷിച്ച് കോട്ടയം ക്രൈംബ്രാഞ്ച് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന് അടിസ്ഥാനം ഡോക്ടർമാർ ഉൾപ്പെടുന്ന സ്റ്റേറ്റ് അപ്പെക്സ് ബോഡിയുടെ നിർണായക കണ്ടെത്തലായ രക്തവും രക്ത ഘടകങ്ങളും കൃത്യസമയത്ത് നൽകിയില്ലെന്നുള്ള റിപ്പോർട്ടായിരുന്നു. ഇത് തള്ളണമെന്നാവശ്യപ്പെട്ട് ബ്ളഡ് ട്രാൻസ്ഫൂഷൻ ഫോമുകൾ വ്യാജമായി സൃഷ്ടിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഹർജി ഹൈക്കോടതി തള്ളിയെങ്കിലും വ്യാജ രേഖ ചമയ്ക്കലിനെതിരെ ലക്ഷ്മിയുടെ ഭർത്താവ് അഡ്വ.ടി.എൻ.രാജേഷ് നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് പ്രത്യേക അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആശുപത്രിയിലെ നഴ്സസ് റെക്കോർഡിൽ മൂന്ന് പായ്ക്കറ്റ് രക്തവും അഞ്ച് പായ്ക്കറ്റ് പ്ളാസ്മയും ലക്ഷ്മിയ്ക്ക് നൽകിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ആറ് പായ്ക്കറ്റ് രക്തവും ഒമ്പത് പായ്ക്ക്റ്റ് പ്ളാസ്മയും എന്നാക്കി തിരുത്തി. അഡ്വ.രാജേഷിന്റെ വ്യാജഒപ്പിട്ടാണ് രേഖകൾ സൃഷ്ടിച്ചതെന്നും പൊലീസ് കണ്ടെത്തി. 2020 ഏപ്രിൽ 24 നായിരുന്നു ലക്ഷ്മിയുടെ മരണം. ആദ്യം കേസ് അന്വേഷിച്ച ഏറ്റുമാനൂർ പൊലീസിൽ നിന്ന് പിന്നീട് കോട്ടയം ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |