
എലിക്കുളം : പൊന്നിന് വില ഇങ്ങനെ കുതിച്ചയരുമ്പോഴും ഇവരുടെ നന്മമനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോൾ കിട്ടിയ സ്വർണ്ണക്കമ്മൽ വീട്ടമ്മയ്ക്ക് തിരികെ നൽകിയ ഹരിതകർമ്മസേനാംഗങ്ങളുടെ സത്യസന്ധതയ്ക്ക് ലഭിച്ചത് നിറഞ്ഞ കൈയടി. എലിക്കുളം പഞ്ചായത്ത് ഏഴാംവാർഡിൽ പ്ലാത്തറപാങ്കൽ ലൂസി ജേക്കബിന്റെ കമ്മലാണ് പ്ലാസ്റ്റിക്കിനൊപ്പം കിടന്നുകിട്ടിയത്. മാലിന്യം തരംതിരിക്കുമ്പോൾ സേനാംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ് എന്നിവർക്കാണ് ഇത് ലഭിച്ചത്. കമ്മൽ നഷ്ടപ്പെട്ട വിവരം ലൂസി ജേക്കബ് ഇവരോട് നേരത്തെ പറഞ്ഞിരുന്നു. പഞ്ചായത്ത് ഓഫീസിൽ വച്ച് ഇരുവരും ചേർന്ന് ഉടമയ്ക്ക് സ്വർണ്ണം കൈമാറി. പ്രസിഡന്റ് യമുനാ പ്രസാദ്, വാർഡംഗം വി.ഐ.അബ്ദുൽകരീം, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, അംഗങ്ങളായ ജോഷി കെ.ആന്റണി, ആൻസി ജെയിംസ്, മറിയമ്മ തച്ചിലേടത്ത്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസി.സെക്രട്ടറി പി.വി.പ്രിൻസി, ഹരിതകർമസേന കോ-ഓർഡിനേറ്റർ വി.പി.ശശി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |