
കോട്ടയം : കടുത്ത വേനലിൽ റബർ മരങ്ങൾ ഇലപൊഴിച്ച് ടാപ്പിംഗ് നിലച്ചതോടെ വിലവർദ്ധനവിന്റെ പ്രയോജനം ലഭിക്കാതെ കർഷകർ. എട്ടുമാസത്തിനു ശേഷം റബർ വില കിലോയ്ക്ക് 190 കടന്നു. ചൂടിനൊപ്പം, പുലർച്ചെ മഞ്ഞുവീഴ്ചയും കൂടിയതോടെയാണ് ഇല പൊഴിച്ചൽ തുടങ്ങിയത്. മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളും റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ്. എല്ലാ വേനൽക്കാലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വൻകിട എസ്റ്റേറ്റുകളിൽ പലപ്പോഴും വേനൽ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാകും. മരത്തിന്റ പട്ടയിൽ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടിൽ നിന്ന് രക്ഷിക്കുക മാത്രമാണ് പരിഹാരം. എന്നാൽ അതത്ര എളുമല്ല. ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ ഷീറ്റ് കിട്ടാതായതാണ് വില ഉയർത്തിയത്. ഇന്നലെ 194 രൂപയായിരുന്നു. അന്താരാഷ്ട്ര വില ബാങ്കോക്ക് 195 രൂപയാണ്. ഈ കുതിപ്പു തുടർന്നാൽ റബർആഭ്യന്തര വില അന്താരാഷ്ട്ര വില മറികടന്ന് 200ൽ എത്തിയേക്കും. കഴിഞ്ഞ ആഗസ്റ്റിൽ 213വരെ എത്തിയിരുന്നു.
ഉത്പാദനത്തിൽ വൻകുറവ്
കേരളത്തിൽ റബർ ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനായിരം ടണ്ണിന്റെ കുറവാണ്. കൂടുതൽ ടാപ്പിംഗ് ദിവസങ്ങൾ ലഭിച്ചിട്ടും ഉത്പാദനത്തിലെ കുറവ് മുടക്കുമുതലിനനുസരിച്ച് വരുമാനമില്ലാതെ വന്നതോടെ പലരും റബർ കൃഷി ഉപേക്ഷിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണായി ചുരുങ്ങി. അതേ സമയം ത്രിപുര അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 10 - 1 2 ശതമാനം വരെ വർദ്ധനവുണ്ട്.
വില ഇടിക്കാൻ കളി തുടങ്ങി
ഉത്പാദനം കുറയുന്നതോടെ വൻകിട കമ്പനികൾ ഇറക്കുമതിക്കായി മുറവിളി കൂട്ടും
തീരുവ തീർത്തും കുറവുള്ള കോമ്പൗണ്ട് റബർ കമ്പനികൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്
വിപണിയിൽ നിന്നു വിട്ടുനിന്ന് ആഭ്യന്തര വില ഇടിക്കാനുള്ള കളികൾ പയറ്റും
ഉത്പാദനം നിലച്ച സമയത്ത് വില 200 കടക്കാതിരിക്കാൻ ഇത് ഇടയാക്കും
വില ഇങ്ങനെ
ആർ.എസ്.എസ് 4 : 194
ആർ.എസ്.എസ് 5 : 189
തരംതിരിക്കാത്തത് : 172
''റബറിന് ഉയർന്നവില കിട്ടേണ്ട സമയത്ത് ഉത്പാദനം കുറയുന്നത് കർഷകരുടെ വയറ്റത്തടിക്കും. ഉത്പാദനം കൂടുമ്പോൾ വിലയുമില്ല. ഈ സാഹചര്യത്തിലാണ് പലരും റബർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുന്നത്.
-മാത്യു തോമസ് (റബർ കർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |