SignIn
Kerala Kaumudi Online
Saturday, 07 March 2026 7.03 AM IST

ക്ഷേത്രോത്സവത്തി​നി​ടെ സംഘർഷം: പരി​ക്കേറ്റ വി​ദ്യാർത്ഥി​ മരി​ച്ചു

Increase Font Size Decrease Font Size Print Page
hari

കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആറംഗസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായി തിരുവനന്തപുരം മെഡി. ആശുപത്രി​ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. പുത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിന് സമീപം സോപാനത്തിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (18) മരിച്ചത്. ഇന്നലെ രാവിലെ 10.05 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്‌നിക് കോളേജിലെ ഒന്നാംവ‌ർഷ ആർകിടെക്ചർ വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.

കഴിഞ്ഞ 2ന് പുലർച്ചെ ക്ഷേത്രത്തിലെ തങ്കഅങ്കി ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു സംഭവം. കുഞ്ഞമ്മയുടെ മകൾ അമിതയുടെ കുട്ടിയുടെ നേർച്ചയുമായി ബന്ധപ്പെട്ടാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും അമിതയുടെ ഭർത്താവ് രാജേഷും ഉത്സവത്തിന് എത്തിയത്. ഘോഷയാത്രയ്ക്കിടയിലുണ്ടായ തിരക്കിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ കയറിനിൽക്കുന്നത് എന്തിനാണെന്ന് ചോദിച്ച് അസഭ്യം പറഞ്ഞാണ് ആക്രമികൾ ആദ്യം ഹരികൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ജയകൃഷ്ണൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം ആറംഗസംഘം ജയകൃഷ്ണനെയും ഹരികൃഷ്ണനെയും സദ്യാലയത്തിന് സമീപത്തേക്ക് വിളിച്ചു. അവിടെയെത്തിയപ്പോൾ ജയകൃഷ്ണനെ മാറ്റിനിറുത്തിയശേഷം ഹരികൃഷ്ണനെ ക്രൂരമായി മർദ്ദിച്ചു. തടികൊണ്ട് നിരവധി തവണ തലയ്ക്ക് ആഞ്ഞടിച്ചു. നിലത്തുവീണ ഹരികൃഷ്ണന്റെ ശരീരത്തിൽ പലതവണ ചാടി ചവിട്ടി. ജയകൃഷ്ണനും രാജേഷും പിടിച്ചുമാറ്റാനെത്തിയെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികൾ ഇവരെയും ക്രൂരമായി മർദ്ദിച്ചു.

മുഴുവൻ പ്രതികളും പിടിയിൽ

ഒന്നാം പ്രതി ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ഗുരുദേവ നഗർ-96 ൽ വിമൽരാജ് (48), രണ്ടാം പ്രതി കന്നിമേൽ ചേരിയിൽ ഐശ്വര്യ നഗർ-118ൽ വാറുർക്കാവിന് സമീപം പടന്നയിൽ കിഴക്കതിൽ വീട്ടിൽ സനിൽ കുമാർ (51), മൂന്നും അഞ്ചും പ്രതികളായ മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ ( 58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51),നാലാംപ്രതി മരുത്തടി കാണിച്ചേരിൽ ഷമിൽരാജ് (50), ആറാംപ്രതി മരുത്തടി മരോട്ടിൽ മൂട്ടിൽ ഷിബിൻ (23) എന്നിവരെയും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച പുനലൂർ സ്വദേശി സുനിൽകുമാറിനെയുമാണ് ശക്തി​കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഷമിലിനെയും ഷിബിനെയും തെന്മലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഒന്നാംപ്രതിയായ വിമൽരാജ് ആണ് ഹരിയെ തടി കൊണ്ട് തലയ്ക്ക് അടിച്ചത്. കൊല്ലം സിറ്റി പൊലീസ് കമ്മി​ഷണർ എം. ഹേമലതയുടെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ എം.ആർ. പ്രസാദിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി​യത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.