
കോട്ടയം : കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാരിന്റെ അനുവാദം ലഭിച്ചെങ്കിലും പ്രതിഫലം പോരാത്തതും, ഉള്ളത് കുടിശികയായതും ഷൂട്ടർമാരെ വെട്ടിലാക്കുന്നു. ഒരു പന്നിയെ വെടിവച്ചു കൊല്ലാൻ 1,500 രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ ഇതു വിശ്വസിച്ചു പന്നിയെ വെടിവയ്ക്കാൻ ഇറങ്ങുന്നവർക്കുള്ള നഷ്ടപരിഹാരം മുടങ്ങിക്കിടക്കുകയാണ്. ജില്ലയിൽ 20 പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം. എരുമേലി, മുണ്ടക്കയം, മണിമല, പാമ്പാടി പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. ഇതിന് പുറമെ അഞ്ച് പഞ്ചായത്തുകളിൽ കാട്ടുപന്നി സാന്നിദ്ധ്യവുമുണ്ട്. പത്തോളം പഞ്ചായത്തുകളിൽ പ്രതിഫലം കുടിശികയാണെന്ന് ഷൂട്ടർമാർ പറയുന്നു.
ടാക്സി വിളിക്കണം, ബുള്ളറ്റ് ചെലവും കൂടുതൽ
എവിടെ നിന്നെങ്കിലും വിളി വന്നാൽ നാടൻ തോക്ക്, ഡബിൾ ബാരൽ ഗൺ തുടങ്ങിയ ശക്തിയും വലുപ്പവും കൂടുതലുള്ള തോക്കുകളുമായി ബസുകളിലും മറ്റും കയറി എത്തുക പ്രായോഗികമല്ല. സ്വന്തം വാഹനമോ, ടാക്സികളോ ആശ്രയിച്ചാണ് ഷൂട്ടർമാർ എത്തുന്നത്. ഡബിൾ ബാരൽ തോക്കിൽ പന്നിയെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബുള്ളറ്റിന് 200 രൂപയാണ് വില. കാടുകളിലും ചതുപ്പ് സ്ഥലങ്ങളിലും മറ്റും പതിയിരിക്കുന്ന പന്നികളെ വീഴ്ത്താൻ ഒന്നിലധികം ബുള്ളറ്റുകൾ വേണ്ടി വരും. എറണാകുളം, റാന്നി, പാലാ എന്നിവിടങ്ങളിലെ ആർമറികളിൽ ചെന്നു വില കൊടുത്തു വാങ്ങുന്ന ബുള്ളറ്റുകൾ ഉപയോഗിച്ച് പന്നിയെ വെടിവച്ചു കൊന്നാൽ വണ്ടിക്കൂലി പോലും ലഭിക്കാറില്ല.
1 പന്നിയെ കൊല്ലാൻ 1500 രൂപ
'' റിസ്ക് എടുത്ത് പന്നിയെ വെടിവയ്ക്കാൻ പോകുമ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ പന്നിയെ വീഴ്ത്താൻ പറ്റിയില്ലെങ്കിൽ ചുറ്റും പരിഹാസച്ചിരിയാണ്. തോക്കിനുള്ള ഉണ്ട സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുന്നില്ല.
ആംഡ് ലൈസൻസീസ് അസോസിയേഷൻ ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |