
മുളന്തുരുത്തി: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പാലാരിവട്ടം ആസ്ഥാനമായ ജീനിയസ് കൺസൾട്ടൻസി ഉടമ സജീനയെ (40) മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ സ്വദേശി ജിയോ ജോർജ് നൽകിയ പരാതിയിലാണ് നടപടി. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ പരസ്യത്തിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
ബി.പി.സി.എൽ കോൺട്രാക്ടറായ ജിയോ ജോർജ് രണ്ട് വർഷം മുമ്പ് പരസ്യം കണ്ട് സജീനയെ സമീപിച്ചിരുന്നു. നെതർലൻഡ്‌സ് വിസയ്ക്കായി രജിസ്ട്രേഷൻ ഫീസായി 75,000 രൂപയും പ്രോസസിംഗിനായി 2 ലക്ഷം രൂപയും നൽകുകയും ചെയ്തു. വിസ ലഭിക്കാത്തതിനെ തുടർന്ന് ആലുവ എസ്.പി ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനാൽ പിറവം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഡിസംബർ 9ന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
ബെൽജിയം, പോളണ്ട് എന്നിവിടങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്ത് നൂറോളം യുവാക്കളിൽ നിന്ന് ഇവർ പണം തട്ടിയതായി സൂചനയുണ്ട്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സമാനമായ തട്ടിപ്പുകൾക്ക് ഏഴോളം സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതിയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |