
കോട്ടയം : പൂഴിവീഴാൻ ഇടമില്ലാത്ത പോലെ ജനംതിങ്ങി. മുദ്രാവാക്യം വിളികളുടെ അകമ്പടിയിൽ പാലായിലെ സ്വീകരണ സമ്മേളനത്തിലേയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വന്നിറങ്ങി. പാലായിൽ നിന്ന് കോട്ടയം വരെയുള്ള ഓരോ സ്വീകരണ വേദികളിലും സമാന കാഴ്ച. പുതുയുഗ യാത്രയ്ക്ക് ജില്ലയിൽ ലഭിച്ചത് പ്രൗഢോജ്വല സ്വീകരണം. രാവിലെ 9.30 ന് പാലായിൽ സ്വീകരണം നിശ്ചയിച്ചതെങ്കിലും വൈകി. മാണി സി.കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ഒരുക്കിയത് വൻസ്വീകരണം. വൈകിട്ട് അഞ്ചിന് തിരുനക്കരയിൽ സമാപിക്കേണ്ട സമ്മേളനം തുടങ്ങാനും ഏറെ വൈകി.
യാത്രാ ക്യാപ്ടനെയും, മറ്റു നേതാക്കളെയും ഏറെ പണിപ്പെട്ടാണ് വേദിയിലെത്തിച്ചത്. പാലായിൽ കാപ്പനെ പിന്തുണച്ച് പ്രതിപക്ഷനേതാവിന്റെ പ്രസംഗം. മുണ്ടക്കയത്തും ആയിരങ്ങളാണ് സ്വീകരണത്തിനെത്തിയത്. പൊൻകുന്നത്ത് 11.30 ന് തുടങ്ങേണ്ട സമ്മേളനം ഉച്ചകഴിഞ്ഞു. നട്ടുച്ചയിലും കാത്ത് ആയിരങ്ങൾ. പാമ്പാടി ബസ് സ്റ്റാൻഡ് പരിസരം വൈകിട്ടോടെ ജനനിബിഡമായി. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം മുഴുവൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്റെ ഫലം. ചങ്ങനാശേരിയിലും സമാന കാഴ്ച. തിരുനക്കരയിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി കാത്തിരിക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഒരുക്കിയത് ഗംഭീര വരവേൽപ്പ്.
യാത്ര ഇന്ന് ജില്ലവിടും
രാവിലെ 8.30ന് ഓർക്കിഡ് ഹോട്ടലിൽ പ്രമുഖ വ്യക്തിത്വങ്ങളുമായി പ്രതിപക്ഷ നേതാവ് സംവദിക്കും. രാവിലെ 9.30 ന് ഏറ്റുമാനൂരും, 10.30 ന് കടുത്തുരുത്തിയിലും, 11.30 ന് വൈക്കത്തും യാത്ര എത്തും. തുടർന്ന് ആലപ്പുഴ ജില്ലയിലേയ്ക്ക് പ്രവേശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |