
കോട്ടയം : വേനൽ കടുത്തതോടെ രോഗങ്ങളും പടർന്നുപിടിക്കുകയാണ്. വയറിളക്കം, മഞ്ഞപ്പിത്തം, ചിക്കൻപോക്സ് അടക്കം വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. പകൽ സമയം പുറത്തിറങ്ങുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വെയിലത്ത് പണിയെടുക്കുന്നവർ, വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങിയവർ കരുതലെടുക്കണം. സ്‌കൂളുകൾ വഴി കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്താൻ വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകി. ആശുപത്രി പരിസരങ്ങളിലുൾപ്പെടെ ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കും. സർക്കാർ ആശുപത്രികളിൽ രണ്ട് വീതവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചും കിടക്കകൾ രോഗികൾക്കായി മാറ്റിവയ്ക്കും. കളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.ജെ സിത്താര, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ട്രീസാ ജോസ്, ഐ.സി.സി.എസ് ഡയറക്ടർ ഡോ.കെ.രാജേന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.കെ മനോജ് കുമാർ, അസി.പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്‌നേഹലത മാത്യൂസ്, ഡോ.ആർ. രതീഷ്‌കുമാർ, ഡോ.അനുപ ലൂക്കാസ് തുടങ്ങിയവർ പങ്കെടുത്തു.
നിർജ്ജലീകരണം തടയാം
രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നുമിടയിൽ വെയിൽ കൊള്ളരുത്. വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പ്രതിദിനം രണ്ടര ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. വെയിലത്തിറങ്ങി ജോലി ചെയ്യുന്നവരും അമിതമായി വിയർക്കുന്നവരും 3 മുതൽ 4 ലിറ്റർ വരെ വെള്ളം കുടിക്കണം. ചായയും കോഫിയും മദ്യവും കുറയ്ക്കണം. തണ്ണിമത്തൻ, ഓറഞ്ച്, മാമ്പഴം, വെള്ളരിക്ക, ക്യാരറ്റ് എന്നിവ നല്ലതാണ്. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലർത്തണം.
പ്രത്യേക ശ്രദ്ധ വേണ്ടത്
കുഞ്ഞുങ്ങൾ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ
മൃഗങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം
കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങൾ കണ്ടെത്തി വെള്ളം എത്തിക്കാൻ നടപടി
''തിളപ്പിച്ചാറ്റിയ വെള്ളവും അടച്ചുവച്ച ഭക്ഷണവും മാത്രം ഉപയോഗിക്കുക. നേരിട്ട് വെയിലേൽക്കാതെ ശ്രദ്ധിക്കുക. കൃത്യമായ പരിശോധന നടത്തുക.
ആരോഗ്യ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |