കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷം നവ സവർണ മുതലാളിത്തത്തിന്റെ പിടിയിലാണെന്ന് എഴുത്തുകാരൻ ബി.രാജീവൻ. നവ മുതലാളിത്തം പുരോഗമനത്തിന്റെ മുഖം മൂടിയണിയുകയാണ്. ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ താത്പര്യമുണ്ടെന്നും
ആർ.എം.പി.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി 'സാംസ്കാരിക ഇടതുപക്ഷത്തിന്റെ പുനർ നിർമാണം' സെമിനാർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ആദിവാസി യുവാവിന്റെ മരണത്തിനെതിരെയോ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിനെതിരെയോ ഇടതുപക്ഷ സാംസ്കാരിക നായകരൊന്നും പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം സമരം നടന്നപ്പോൾ അദാനിക്കുവേണ്ടി ഒപ്പിടാൻ തിരക്ക് കൂട്ടിയിരുന്നു. നിലവിലെ ഈ അവസ്ഥ പൊളിച്ചു കളയാൻ പുതിയ തലമുറ മുന്നോട്ടു വരേണ്ടതുണ്ട്. സോഷ്യൽ മീഡിയകൊണ്ട് സിസ്റ്റത്തെ മാറ്റാനാകില്ലെന്നും സേഫ്റ്റി വാൽവായി പ്രവർത്തിക്കാനേ കഴിയൂവെന്നും ബി.രാജീവൻ പറഞ്ഞു. യു.കെ.കുമാരൻ, പി.സുരേന്ദ്രൻ, കെ.സി.ഉമേഷ് ബാബു, ആസാദ് എന്നിവർ പ്രസംഗിച്ചു.
എൻ.പി ചേക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രകാശൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |