കോഴിക്കോട് : ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി കൊല്ലം കരിമൂട് സ്വദേശി വെങ്ങാശ്ശേരി വീട്ടിൽ ബിനു (54 )നെ എലത്തൂർ പൊലീസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ വിദ്യാർത്ഥിനിയ്ക്ക് നാഷണൽ ഹോസ്പിറ്റലിന് കീഴിലുള്ള കോളേജ് ഓഫ് നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് നാഷണൽ ഹോസ്പിറ്റലിന്റെ കീഴിലുള്ള പൂളാടിക്കുന്ന് നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പലായിരുന്ന പ്രതി 2024 സെപ്തംബർ മാസം 6 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. എന്നാൽ പ്രതി നഴ്സിംഗ് അഡ്മിഷൻ ശരിയാക്കികൊടുക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവെ പ്രതി കൊല്ലത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊല്ലത്ത് വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, ഈ കേസിലെ കൂട്ടുപ്രതികളെ പറ്റിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |