കോഴിക്കോട്: ചൂട് കൂടിയതോടെ ശീതള പാനീയങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ജില്ലയിലെ ശീതള പാനീയ വിതരണ കേന്ദ്രങ്ങൾ, ഐസ്ക്രീം പാർലറുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
വേനൽ കാഠിന്യം മുറുകിയതോടെ ശീതളപാനീയങ്ങൾ വിൽക്കുന്ന താത്ക്കാലിക വഴിയോരക്കടകളാണ് എങ്ങും. നാരങ്ങാവെള്ളവും, കുലുക്കി സർബത്തും തണ്ണിമത്തൻ ജ്യൂസും, ഇളനീരുമൊക്കെയായി നിരവധി കടകളാണ് റോഡരികുകളിൽ സ്ഥാനംപിടിച്ചത്. എന്നാൽ ഇവിടെ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കപ്പെടാറില്ല. ചൂട് മറയാക്കി ഗുണനിലവാരമില്ലാത്ത ജ്യൂസുകളും മറ്റും വ്യാപകമാകാനിടയുള്ള സാഹചര്യത്തിലാണ് നടപടി.
ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. വെള്ളം, പാൽ, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ കൂടാതെ കടകളിലെ അടുക്കളയും പരിശോധിക്കുന്നുണ്ട്. തട്ടുകടകളിൽ ഉപയോഗിക്കുന്ന എണ്ണ പഴകിയതാണോയെന്നും, രുചികൂട്ടാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കും. വേനലിൽ വഴിയോരങ്ങളിൽ ആരംഭിക്കുന്ന താത്കാലിക ശീതള പാനീയ കടകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രഷൻ നിർബന്ധമാണ്.
സ്ഥാപനങ്ങൾ എടുക്കേണ്ട
മുൻകരുതലുകൾ
•വെള്ളം പരിശോധിച്ച റിപ്പോർട്ട് സ്ഥാപനങ്ങൾ സൂക്ഷിക്കുകയും പരിശോധനാസമയത്ത് ഹാജരാക്കുകയും വേണം. ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.
•ഐസ് ഉണ്ടാക്കാൻ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ.
•ജ്യൂസ് തയ്യാറാക്കാൻ കേടുവന്നതും ചെയ്യുന്നതുമായ പഴങ്ങൾ ഉപയോഗിക്കരുത്.
•പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കണം കാലാവധി കഴിഞ്ഞ പാൽ ഉപയോഗിക്കരുത്.
•ജ്യൂസ് തയ്യാറാക്കുന്നവർ ഗ്ലൗസ് ഉപയോഗിക്കുക.
•ഫ്രിഡ്ജ് കൃത്യമായ ഊഷ്മാവിലാണെന്ന് ഉറപ്പാക്കുകയും എല്ലാ ദിവസവും വൃത്തിയാക്കുകയും വേണം.
•കുപ്പിവെള്ളം വാഹനങ്ങളിൽ വിതരണം കൊണ്ടുപോകുമ്പോഴും കടകളിൽ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോഴും വെയിൽ കൊള്ളാത്ത വിധം സൂക്ഷിക്കണം.
''വ്യവസ്ഥകൾ പാലിക്കാതെയും ഭക്ഷ്യസുരക്ഷാ രജിസ്ട്രഷന് ലെെസൻസും ഇല്ലാത്ത കടകൾക്ക് നേരെ നടപടി സ്വീകരിക്കും.''
വിനോദ് കുമാർ,
അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |