കണ്ണൂർ: നിലപാടുകളിലെ ധീരതയും പ്രതിഭാവിശേഷവും കൊണ്ട് സമകാലിക കവികളിലെ ശ്രദ്ധേയനായ മാധവൻ പുറച്ചേരി അറുപതിലേക്ക്. ചിങ്ങമാസത്തിലെ പൂയം നാളിലാണ് അറുപത് തികയുന്നത്. 1980 കളുടെ തുടക്കത്തിൽ വി.ഇ.മാധവൻ നമ്പൂതിരി എന്ന നാമത്തിൽ എഴുതിത്തുടങ്ങിയതാണ്. പലവിധ പരിണാമങ്ങളിലൂടെ മാധവൻ പുറച്ചേരി എന്ന പേര് വൈകാതെ മലയാളത്തിലുറച്ചു .1983 മുതൽ വാരികകളിൽ കവിതയുടെ മുഖമായി പ്രത്യക്ഷപ്പെടുമ്പോൾ അതിനെ മലയാള കവിതയിൽ പുതിയൊരു സ്വരമായി സാക്ഷ്യപ്പെടുത്തിയവരിൽ അക്കിത്തമടക്കമുള്ള മഹാകവികളുണ്ട്.
കലാകൗമുദിയിലെ ഹൃദയസാക്ഷി, മാതൃഭൂമിയിലെ സുശ്രാദ്ധമസ്തു തുടങ്ങിയ ആദ്യകാല കവിതകൾ ഹൃദയത്തിലേക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെന്നവയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിച്ച നാഷൽ പോയറ്റ്സ് മീറ്റിലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ദേശീയ കവി സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ചത് ആ കാവ്യയാത്രയ്ക്ക് ലഭിച്ച അംഗീകാരമാണ്.
1993ലെ ആദ്യ കാവ്യസമാഹാരമായ പ്രവാസിയുടെ മൊഴികൾ മുതൽ ഒടുവിലത്തെ ഉച്ചിര വരെയുള്ള യാത്രയിൽ, പുറച്ചേരിയുടെ കവിതകൾ മലയാളിയുടെ സാമൂഹിക,രാഷ്ട്രീയ കാലാവസ്ഥയേയും പ്രതിഫലിപ്പിക്കുന്നു. പെയിൻകില്ലർ, സൈക്കിൾ യാത്രയിൽ നാം, വർക്കിയുടെ വെളിപാടുപുസ്തകം, മൊബൈലിൽ ഒരു യക്ഷൻ തുടങ്ങിയ കൃതികളെല്ലാം കാലിക ജീവിതത്തിന്റെ വ്യത്യസ്തമുഖങ്ങളെ അനാവരണം ചെയ്തു.
അമ്മയുടെ ഓർമ്മപ്പുസ്തകം എന്ന കൃതി പുറച്ചേരിയുടെ എഴുത്തു ജീവിതത്തിലെ അടയാളക്കല്ലാണ്. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാന പോരാളിയുമായ അച്ഛൻ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെയും അമ്മ ഗംഗ അന്തർജ്ജനത്തിന്റെയും ജീവിതാനുഭവങ്ങളുടെ കാലാതീത സാക്ഷ്യമാണിത്.
സമൂഹത്തിനുള്ളിൽ നടന്ന സമരങ്ങളെക്കാൾ ഗാർഹികാന്തരീക്ഷത്തിൽ സ്ത്രീകൾ നടത്തിയ സഹനസമരങ്ങൾ തിരിച്ചറിയണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കൃതി. അദ്ധ്യാപികയായ കെ.ഉഷാദേവിയാണ് മാധവൻ പുറച്ചേരിയുടെ ഭാര്യ. ഡോ.ഗംഗ, ഹരികൃഷ്ണൻ എന്നിവർ മക്കളും.
നിലപാടിന്റെ വാക്യം
കെ.റെയിൽ പദ്ധതിയെക്കുറിച്ചുള്ള പരസ്യനിലപാട് പുറച്ചേരിയെ വിവാദത്തിലാക്കിയിരുന്നു. എലിവേറ്റഡ് റെയിൽ ബ്രോഡ്‌ഗേജ് എന്ന ബദൽ നിർദ്ദേശം മുന്നോട്ടുവെക്കുന്ന കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ പരിഗണിക്കുന്ന വികസന മാതൃകയ്ക്കായി അദ്ദേഹം വാദിച്ചതിനെ തുടർന്നാണിത്.ഇപ്പോൾ നടന്നുവരുന്ന സാഹിത്യ അക്കാഡമി സാർവദേശീയ സാഹിത്യോത്സവം പോലുള്ള പരിപാടികളിൽ നിന്ന് കവിയെ മാറ്റിയതിന് പിന്നിൽ വരെ ഇത് എത്തി നിൽക്കുന്നു. സാഹിത്യ അക്കാഡമിക്ക് സർക്കാരിന്റെ എക്സ്റ്റൻഷൻ സെന്ററാകരുതെന്നും സർഗാത്മകതയുടെ വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്നും ഇദ്ദേഹം ഊന്നിപ്പറയുന്നു.
അധ്യാപകനായ മാധവൻ പുറച്ചേരി വിരമിച്ചതിനു ശേഷവും വായന, എഴുത്ത്, പുതിയ യാത്രകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ സർഗാത്മക യാത്രയിലാണ്. സേവാഗ്രാം സ്‌കെച്ചുകളാണ് ഇറങ്ങാനുള്ള പുതിയ കാവ്യസമാഹാരം.
കാലാകാലമായി തുടരുന്ന ലിംഗഅസമത്വത്തിന്റെ ചരിത്രത്തെ പ്രശസ്ത കാവ്യ സമാഹാരമായ ഉച്ചിരയിലൂടെ കവി അഭിസംബോധന ചെയ്തു. പ്രകൃതിക്ക് ഹാനികരമാകുന്നതെല്ലാം കവിതയ്ക്കും ഹാനികരമാണെന്നതാണ് ഇദ്ദേഹത്തിന്റെ ബോദ്ധ്യം.
എന്റെ അച്ഛനും സത്യസന്ധനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെ വിമർശനങ്ങൾ കേൾക്കുന്നതിലും ഉന്നയിക്കുന്നതിലും ഒരു പ്രയാസവും ഞാൻ കാണുന്നില്ല. അതിനോടൊന്നെും ഭയപ്പെട്ട് പിന്മാറുന്ന രീതി എന്റെ സർഗാത്മകജീവിതത്തിനില്ല- മാധവൻ പുറച്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |