കോഴിക്കോട്: പൊതു ജിമ്നേഷ്യത്തിൽ ആളുകളില്ല, പുല്ലുകളെല്ലാം കരിഞ്ഞുണങ്ങി, ഇരിപ്പിടങ്ങൾ പലതും തകർന്നു, വിളക്കുകൾ പ്രകാശിക്കുന്നില്ല. നഗരത്തിന്റെ ഹൃദയത്തിലെ മാനാഞ്ചിറ സ്ക്വയറിന് പറയാനുള്ളത് അധികാരികളുടെ അവഗണനയുടെ കഥ. മതിയായ പരിചരണം ലഭിക്കാതെ മാനാഞ്ചിറയും പാർക്കും നശിക്കുന്നു. പച്ചപ്പരവതാനിക്ക് പകരം തരിശായ പാർക്കാണ് സന്ദർശകർക്ക് വിശ്രമിക്കാനുള്ളയിടം. മെെതാനത്തിലെ പുല്ല് ചൂട് മൂലം പൂർണമായും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. വേനലവധിയിൽ പാർക്കിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഉണങ്ങിയ പുല്ലും മരചില്ലകളൾ വെട്ടികൂട്ടിയ പരിസരവുമാണ്. സ്‌ക്വയറിന്റെ പരിസരങ്ങളിൽ ഇലകളും മരകൊമ്പുകളും കൂമ്പാരമായി കൂട്ടിയിരിക്കുകയാണ്. പരിചരണം ഏറ്റെടുത്ത കോർപ്പറേഷനും വർഷങ്ങളായി മാനാഞ്ചിറയെ തിരിഞ്ഞു നോക്കുന്നില്ല. വിഷു, റംസാൻ കച്ചവടങ്ങൾ തകൃതിയായി നടക്കുമ്പോൾ
കൊടും ചൂടിൽ ആശ്വാസമായിരുന്നു മാനാഞ്ചിറ. എന്നാൽ തലയ്ക്ക് മീതെ ചൂട് സൂര്യൻ കത്തി നിൽക്കുന്ന ഈ സമയത്ത് മാനാഞ്ചിറയിലെത്തുന്ന സന്ദർശകരിൽ വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. മാത്രമല്ല ഉച്ച സമയത്താണ് ഇത് തുറന്ന് കൊടുക്കുന്നതും. ഇതും പാർക്കിലേക്ക് ആളുകളെ എത്തിക്കുന്നത് കുറയ്ക്കാൻ കാരണമായിട്ടുണ്ട്.
2020ലാണ് ടൂറിസം വകുപ്പ് കോടികൾ മുടക്കി പാർക്കുകൾ നവീകരിച്ചത്. പരിചരണമില്ലാത്തതിനാൽ രണ്ട് വർഷം കഴിയുമ്പോഴേക്കും എല്ലാം ശോച്യാവസ്ഥയിലായി. മാനാഞ്ചിറ കുളം പരിസരം വൃത്തിയാക്കിയിട്ടും കാലമേറെയായി. കുട്ടികളുടെ അൻസാരി പാർക്കിൽ കളിയുപകരണങ്ങൾ പലതും നശിച്ചു. ഇവിടെ മിയാവാക്കി വനം വളർത്തുന്ന പദ്ധതി പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. അൻസാരി പാർക്കിലേക്ക് പുറത്തുനിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നുമുണ്ട്. നഗരവാസികൾ പ്രഭാത നടത്തത്തിന് വരുന്ന സ്ഥലം കൂടിയാണിത്.
ആദ്യ കൗൺസിൽ യോഗത്തിലാണ് മാനാഞ്ചിറ സ്‌ക്വയർ സംരക്ഷണത്തിന് പ്രൊപ്പോസൽ നൽകി കരാർ വിളിച്ചത്. എന്നാൽ അതിന് ശേഷം മാനാഞ്ചിറ പൈതൃക സ്വത്താണെന്ന് കാണിച്ച് കരാർ നൽകാതെ കോർപ്പറേഷൻ സംരക്ഷണം ഏറ്റെടുക്കാമെന്ന നിലയിലേക്ക് മാറ്റി. വിനോദ സഞ്ചാര വകുപ്പിന്റെ 1.7 കോടിയും അമൃത് പദ്ധതിയിൽ 80 ലക്ഷവും കോർപ്പറേഷന്‍ ഫണ്ടും ഉപയോഗിച്ചാണ് നവീകരണം നടത്തിയത്. പരിചരണമില്ലാത്തതിനാൽ രണ്ട് വർഷം കഴിയുമ്പോഴേക്കും എല്ലാം ശോചിച്ച അവസ്ഥയിലാണ്. ഈ വർഷത്തെ കോർപ്പറേഷന്‍ ബഡ്ജറ്റിലും മാനാഞ്ചിറക്കായി ഒന്നും വകയിരുത്തിയിട്ടില്ല.
ടേക്ക് എ ബ്രേക്കും ഇ.ടോയ്ലറ്റുകളും നോക്കുകുത്തി
മാനാഞ്ചിറയിലെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴും സംവിധാനമില്ല. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച
ടേക്ക് എ ബ്രേക്ക് പണിപൂർത്തായെയെങ്കിലും ഇതു വരെ തുറന്നുകൊടുത്തിട്ടില്ല. നടത്തിപ്പിന് ആളെ കിട്ടാനില്ലെന്നാണ് കോർപ്പറേഷന്റെ വാദം. ടൂറിസം വകുപ്പിന്റെ 'ടേക്ക് എ ബേക്ക്' പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹകരണത്തോടെയാണ് 30 ലക്ഷം ചെലവഴിച്ച് മാനാഞ്ചിറ സ്‌ക്വയറിനുള്ളിൽ പ്രധാനപാതയോട് ചേർന്ന് വിശ്രമ കേന്ദ്രം നിർമിച്ചത്. ചായ, തണുത്ത പാനീയങ്ങൾ, ചെറു കടികൾ തുടങ്ങിയവ ലഭിക്കുന്ന കഫേയും കേന്ദ്രത്തിനോട് ചേർന്ന് നിർമിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മാനാഞ്ചിറ സ്‌ക്വയറിലെത്തുന്നവർക്കും നഗരത്തിലെത്തുന്നവർക്കും ഏറെ പ്രയോജനപ്പെടാവുന്ന വിശ്രമ കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥമൂലം നോക്കുകുത്തിയാകുന്നത്. കൂടാതെ
കോർപ്പറേഷൻ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഇ ടോയലറ്റുകളും ഇവിടെയുണ്ട്. പക്ഷേ അതും നോക്കുകുത്തിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |