തൃശൂർ: മരുന്ന് നശിപ്പിക്കാൻ അനുമതി ലഭിക്കാത്തതിനാൽ അഞ്ച് വർഷത്തിലേറെയായി കാലാവധി കഴിഞ്ഞ മരുന്ന് സൂക്ഷിക്കാൻ സർക്കാർ ചെലവഴിക്കുന്നത് 65 ലക്ഷത്തോളം രൂപ. കൊവിഡ് കാലത്തിന് മുമ്പാണ് കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകൾ മരത്താക്കരയിലെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിൽ സൂക്ഷിച്ചുതുടങ്ങിയത്. പ്രതിമാസം ലക്ഷത്തിലേറെ രൂപയാണ് വാടക. 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗോഡൗണിനായി അഞ്ച് വർഷമായി സർക്കാർ മുടങ്ങാതെ വാടക നൽകുന്നുണ്ട്.
മൂവായിരത്തിലേറെ രൂപ വൈദ്യുതിയിനത്തിലും ചെലവഴിക്കുന്നു. വെയർ ഹൗസിംഗ് കോർപറേഷനാണ് സ്ഥലം വാടകയ്‌ക്കെടുത്ത് നൽകിയത്. പൊതുമേഖലയിലുള്ള കെ.എം.എസ്.സി.എൽ വിതരണം ചെയ്തതാണ് മരുന്നുകൾ. കെ.എം.എസ്.സി.എല്ലിനാണ് ഗോഡൗൺ പരിപാലന ചുമതലയെങ്കിലും സർക്കാർ നേരിട്ടാണ് വാടക നൽകുന്നത്. തൃശൂരിന് പുറമേ എറണാകുളം, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലേക്കുള്ള മരുന്നാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രണ്ട് വർഷം മുമ്പ് ' കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കടമ്പകളേറെ
മരുന്ന് നശിപ്പിക്കാൻ കെ.എം.സി.എൽ എം.ഡി അനുമതി നൽകിയാലും വീണ്ടും കടമ്പകളും ചെലവുകളുമേറെ. മരുന്ന് നശിപ്പിക്കുന്ന ഏജൻസികളെ ഉൾപ്പെടുത്തി ടെൻഡർ വിളിച്ചാണ് അനുമതി നൽകുക. ഇതിനും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കണം.
അനക്കമില്ലാതെ ഫയൽ
രണ്ട് വർഷം മുമ്പ് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ അഞ്ച് വർഷത്തിലേറെയായിട്ടും ടെൻഡർ വിളിച്ച് മരുന്നുകൾ നശിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുമതി ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും കാലാവധി കഴിഞ്ഞ മരുന്ന് സൂക്ഷിക്കാൻ സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ട്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ജില്ലകളിലെ വെയർഹൗസ് മാനേജർമാർ കെ.എം.സി.എൽ ജനറൽ മാനേജർക്ക് പലതവണ കത്തെഴുതിയിരുന്നതായി പറയുന്നു. തൃശൂരിന് പുറമേ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും ഇത്തരത്തിൽ മരുന്ന് സൂക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |