ചെറുകിട കോൺട്രാക്റ്റർമാർ ദുരിതത്തിൽ
കോഴിക്കോട്: ക്രഷർ, ക്വാറി സമരത്തെ തുടർന്ന് മെറ്റൽ, എം.സാൻഡ്, പാറപ്പൊടി തുടങ്ങിയവയുടെ രൂക്ഷമായ വിലക്കയറ്റം ചെറുകിട കോൺട്രാക്റ്റർമാർ ദുരിതത്തിൽ. ജില്ലയിൽ വിവിധ വകുപ്പുകളുടെ കീഴിൽ പൊതുമരാമത്ത് പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഈ സന്ദർഭത്തിൽ ക്വാറി ക്രഷർ ഉത്പന്നങ്ങളുടെ വില 30 മുതൽ 40 ശതമാനമായി വർധിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചത്. ഇതോടെ നിശ്ചിത സമയത്ത് ഏറ്റെടുത്ത കരാർ ജോലികൾ തീർക്കാനാവാത്ത അവസ്ഥയിലാണ് ഇവർ. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയൽറ്റിയും വർദ്ധിപ്പിച്ചതിലും, വെയ് ബ്രിഡ്ജ് നിർബന്ധിതമാക്കിയതിലും പ്രതിഷേധിച്ച് 17 നാണ് ക്വാറി ഉടമകൾ സമരം തുടങ്ങിയത്.
റോയൽറ്റി വർധനയുടെ പേരു പറഞ്ഞാണ് ക്രഷർ, ക്വാറി ഉടമകൾ ഉത്പന്നങ്ങൾക്ക് തോന്നിയ പോലെ വില കൂട്ടിയത്. ഒരു ഫൂട്ട് മെറ്റലിന് 2 രൂപ 50 പെെസയാണ് സർക്കാർ കൂട്ടിയത്. ഇതനുസരിച്ച് ഉത്പന്നങ്ങൾക്ക് സാധാരണ രണ്ടും മൂന്നും രൂപ കൂടേണ്ട സ്ഥലത്ത് 10മുതൽ 15 രൂപ വരെയാണ് ക്വാറി ഉടമകൾ കൂട്ടിയിരിക്കുന്നതെന്നാണ് ചെറുകിട കരാറുകാർ പറയുന്നത്. 30 രൂപയായിരുന്ന 1 ഫൂട്ട് മെറ്റലിന് ഇപ്പോൾ 37 മുതൽ 40 രൂപ വരെയാണ്. എം.സാന്റിന് 10 രൂപ കൂടി. മുൻപ് 45 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഫൂട്ട് എം.സാൻഡ് ഇപ്പോൾ ലഭിക്കണമെങ്കിൽ 55 മുതൽ 65 രൂപ വരെ നൽകേണ്ട അവസ്ഥയിലാണ്. മാത്രമല്ല ഇവ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ക്വാറിക്രഷർ ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ഒരു സംഘം മുതലാളിമാരുടെ കൈകളിലാണ്. ഇവരുടെ മേൽ യാതൊരു നിയന്ത്രണവും സർക്കാറിനില്ല. പൊതുമേഖലയിൽ ഉത്പാദിപ്പിക്കുന്ന ക്വാറി ഉത്പന്നങ്ങൾ ഏകീകരിച്ച വിലക്ക് സർക്കാർ പ്രവൃത്തികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
1 ഫൂട്ട് മെറ്റലിന്റെ വില 30
ഇപ്പോഴത്തെ വില 37 മുതൽ 40 വരെ
എം.സാൻഡ് 45
ഇപ്പോഴത്തെ വില 55 മുതൽ 65
നിർമ്മാണം നിലച്ചു
അതേ സമയം ദിവസങ്ങളായി തുടരുന്ന ക്വാറി സമരത്തിൽ ജില്ലയിലെ വീട്,കെട്ടിട റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും മുടങ്ങിയിരിക്കുകയാണ്. ജില്ലയിൽ ലൈഫ് പദ്ധതിയിലെ വീടുകളുടെ നിർമാണം പൂർണമായും മുടങ്ങി. നിർമ്മാണ സാധന സാമഗ്രികൾക്ക് വില വർധിച്ചതും ഇവയ്ക്ക് ക്ഷാമം നേരിട്ടതോടെയും സാധാരണക്കാരാണ് കൂടുതൽ പ്രയാസത്തിലായത്. പ്രതീക്ഷിച്ചതിനെക്കാളും ഇരട്ടിയിലധികം തുകയാണ് നിലവിൽ ചെലവാകുന്നത്. മഴക്കാലം എത്താൻ ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സമരം അവസാനിക്കാത്തത് സാധാരണ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും നഷ്ടമായി. കൂടാതെ
നിർമാണ മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ ഉൽപന്നങ്ങളുടെ വിൽപനയും കുറഞ്ഞു. സിമന്റ്, കമ്പി, പെയിന്റ്, ടൈൽ, ഗ്രാനൈറ്റ്, ഇലക്ട്രിക്, ഇലക്ട്രോണിക്സ്, പ്ലബിംഗ് ഉൾപ്പെടെ ഉൽപന്നങ്ങളുടെ വിൽപനയിൽ ഇടിവ് വന്നെന്ന് കച്ചവടക്കാർ പറയുന്നു. അതേ സമയം സമരം ഇനിയും ശക്തമാക്കാനാണ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. അടുത്ത മാസാദ്യം സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
കളക്ട്രറ്റ് മാർച്ച് ഇന്ന്
ക്വാറി ക്രഷർ ഉത്പന്നങ്ങളുടെ കുത്തനെയുള്ള വില വർധനവിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 മണിക്ക് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്‌റ്റേഴ്സ് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞത് പോലെ ഖനനം പൊതുമേഖലയിൽ നിലനിർത്തുന്നതിനും പൊതുമേഖലയിൽ ഉത്പാദിപ്പിക്കുന്ന ക്വാറി ഉത്പന്നങ്ങൾ ഏകീകരിച്ച വിലക്ക് സർക്കാർ പ്രവൃത്തികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കളക്ട്രേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ കേരള ഗവൺമെന്റ് കോൺട്രാക്‌റ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി മോഹൻദാസ്, ജില്ലാ പ്രസിഡന്റ് പി.സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.എം സഹദേവൻ, ടി ഷൈലേഷ്, നിഖിൽകുമാർ, വി മധുകരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |