ഒരു വർഷത്തിനിടെ എത്തിയത് 3231വനിതകൾ
കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന വനിതകൾക്ക് മിതമായ നിരക്കിൽ സുരക്ഷിത താമസ സൗകര്യമൊരുക്കാൻ ആരംഭിച്ച ഷീ ലോഡ്ജ് ഹിറ്റാകുന്നു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടെ 3231 പേരാണ് താമസത്തിനായി ഷീ ലോഡ്ജിനെ ആശ്രയിച്ചത്. ആവശ്യക്കാർ കൂടിയതോടെ മുടക്കുമുതൽ തിരിച്ചുപിടിക്കുകയാണ് സ്ഥാപനം. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപമാണ് ഷീ ലോഡ്ജ് പ്രവർത്തിക്കുന്നത്. ഷീ വേൾഡ് കുടുംബശ്രീ യൂണിറ്റാണ് നടത്തിപ്പുകാർ.
ഒരേ സമയം 100 പേർക്ക് താമസിക്കാവുന്ന ഇരുനില കെട്ടിടത്തിൽ ഡോർമെറ്ററിക്ക് പുറമെ, ഒരു സിംഗിൾ മുറിയും, ഒമ്പത് ഡബിൾ മുറിയും, നാല് എസി മുറികളുമുണ്ട്. പരമാവധി അഞ്ചുദിവസത്തേക്കാണ് ഒരാൾക്ക് ഒരുമിച്ച് ബുക്ക് ചെയ്യാനാവുക. താമസിക്കാനെത്തുന്നവർക്ക് ആവശ്യമെങ്കിൽ മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാണ്. സൗജന്യ വൈഫൈ, വായനമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2024 മാർച്ച് 11നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഷീ ലോഡ്ജ് നാടിന് സമർപ്പിച്ചത്. റെയിൽവേ സ്റ്റേഷന് സമീപത്തായതിനാൽ നഗരത്തിൽ വിവിധ പരിപാടികൾക്കും മത്സര പരീക്ഷകൾക്കുമായി എത്തുന്ന മിക്കവരും താമസിക്കാൻ തെരഞ്ഞെടുക്കുന്നത് ഷീ ലോഡ്ജാണ്.
ഡോർമെറ്ററി– 100, സിംഗിൾ മുറി – 200, ഡബിൾ മുറി – 350, എ.സി സിംഗിൾ മുറി – 750, എ.സി ഡബിൾ മുറി – 1200, എ.സി ഡീലക്സ് സിംഗിൾ ബെഡ് – 1750, എ.സി ഡീലക്സ് ഡബിൾ ബെഡ് – 2250 എന്നിങ്ങനെയാണ് ഒരു ദിവസത്തേക്കുള്ള നിരക്ക്.
''ഈ വർഷം ആരംഭിച്ച ശേഷം255 പേരാണ് താമസിച്ചത്. വിനോദയാത്രയ്‌ക്കെത്തുന്ന പെൺകുട്ടികൾ മുതൽ വൃദ്ധർ വരെ ഇവിടെയെത്തുന്നുണ്ട്.
-എൻ.ടി സ്മിജി, ഷീ വേൾഡ് കുടുംബശ്രീ സെക്രട്ടറി
ഓൺലൈനിൽ ബുക്കിംഗ്
www. shehomes. in, shelodge@shehomes. in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |