കോഴിക്കോട്: വെങ്ങളം - രാമനാട്ടുകര ആറുവരിപ്പാതയിലെ വേങ്ങേരി ഓവർപാസ് ഏപ്രിൽ പകുതിയോടെ തുറന്നുനൽകും. വേങ്ങേരിയിലെ അവസാനഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. സർവീസ് റോഡിനോടു ചേർന്ന് അഴുക്കുചാൽ നിർമാണം പുരോഗമിക്കുകയാണ്. മേൽപാതയിൽ സംരക്ഷണഭിത്തി നിർമാണവും അവസാനഘട്ടത്തിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കടന്നുപോകുന്നതിനാൽ സുരക്ഷാഭിത്തി നിർമിച്ചശേഷമേ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാനാവൂ.
മാർച്ച് അവസാനത്തോടെ തുറക്കുമെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും ജോലിക്കാരിൽ പലരും ഹോളി ആഘോഷത്തിനായി നാട്ടിലേക്ക് പോയതോടെ ജോലികൾ നീണ്ടു. നവംബർ അവസാനവാരമാണ് ഇവിടെ നിർമാണം തുടങ്ങിയത്. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ ബൈപ്പാസിനു കുറുകെ 45 മീറ്റർ വീതിയിലാണ് മേൽപ്പാത നിർമിച്ചത്. ജപ്പാൻ പൈപ്പ് മാറ്റലുമായി ബന്ധപ്പെട്ടു വന്ന തടസം കാരണം 13.5 മീറ്റർ വീതിയിലാണ് ആദ്യഘട്ടത്തിൽ മേൽപ്പാത നിർമിച്ചത്. അന്ന് അഞ്ച് ഗർഡറുകൾ സ്ഥാപിച്ചു നിർമിച്ച പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. അവശേഷിച്ച 31.5 മീറ്റർ മേൽപ്പാതയുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. കെ.എം.സി കൺസ്ട്രക്ഷൻസിനാണ് നിർമാണ ചുമതല. മേൽപാത ഗതാഗതത്തിനായി തുറന്നുനൽകുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഏഴ് മേൽപ്പാലങ്ങളും തുറന്നുനൽകി
രാമനാട്ടുകരയിൽ ആരംഭിച്ച് വെങ്ങളം മേൽപാലത്തിൻ്റെ അപ്രോച്ച് റോഡ് വരുന്ന 150 മീറ്ററിലാണ് രാമനാട്ടുകര–വെങ്ങളം റീച്ചിൻ്റെ അതിർത്തി. 28.4 കിലോമീറ്റർ ദേശീയപാതയിലെ വെങ്ങളം മേൽപ്പാലം മാർച്ച് 25 നാണ് ഗതാഗതത്തിനായി
തുറന്ന് നൽകിയത്. വെങ്ങളം–അഴിയൂർ ദേശീയ പാതയുടെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനാൽ ആറു വരി മേൽപാലത്തിലൂടെ വന്നിറങ്ങുന്ന വാഹനങ്ങൾ തുടർന്ന് സർവീസ് റോഡിലൂടെയാണ് യാത്ര നടത്തുന്നത്. ഇത് പ്രദേശത്ത് വൻ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുണ്ട്. പൂളാടിക്കുന്ന് മേൽപ്പാലത്തിൻ്റെ ഒരു ഭാഗവും ഗതാഗതത്തിനായി തുറന്നുനൽകിയതോടെ റീച്ചിലെ എല്ലാ മേൽപ്പാലത്തിലൂടെയും വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
" വേങ്ങേരി ഓവർപാസിൻ്റെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വിഷുവിന് മുൻപായി പ്രവർത്തികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകും.
കെ.വിശ്വനാഥൻ, പി.ആർ.ഒ കെ.എം.സി കൺസ്ട്രക്ഷൻസ്
നിർമാണം തുടങ്ങിയത് നവംബർ അവസാനവാരം
മേൽപ്പാതയുടെ ആകെ വീതി - 45 മീ.
ആദ്യഘട്ടത്തിൽ പൂർത്തിയായത് - 13.5 മീ.
ഇപ്പോൾ നിർമാണം നടക്കുന്നത് - 31.5 മീ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |