കോഴിക്കോട്: 'ചീറ്റ' കുതിച്ചു പാഞ്ഞതോടെ അഴകുള്ള നഗരത്തിന്റെ അഴക് കെടുത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി. നാല് മാസം കൊണ്ട് ചീറ്റ ചുമത്തിയത് 13.5 ലക്ഷം പിഴ. അഴക് പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോർപ്പറേഷൻ ജനുവരിയിൽ ആരംഭിച്ച പരിശോധനയിലാണ് ഇത്രയും അധികം പിഴ ഈടാക്കിയത്. 4100 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ ഹെൽത്ത് ആൻഡ് എൻവയൺമെന്റ് എൻഫോഴ്‌സ്‌മെന്റ് ടീം ഇൻ ആക്‌ഷൻ (ചീറ്റ) ടീമിന്റെ മൂന്ന് സംഘങ്ങളാണ് കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിൻതുടരുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയപ്പെട്ടിട്ടുണ്ടെങ്കിൽ ‘ചീറ്റ’ ടീം തത്സമയം ശുചീകരിക്കും. മാലിന്യംതള്ളുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ 5,000 രൂപ വരേയാണ്പിഴ ഈടാക്കുന്നത്.
ചീറ്റ പ്രവർത്തനം ഇങ്ങനെ
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും ഒരു ശുചീകരണ തൊഴിലാളിയും ഉൾപ്പെടുന്നതാണ് ഒരു ചീറ്റ ടീം. ഇവർ നോർത്ത്, സെൻട്രൽ, സൗത്ത് എന്നിങ്ങനെ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. അംഗങ്ങൾക്ക് പ്രത്യേകം രൂപകൽപന ചെയ്ത മൂന്നു വാഹനങ്ങളുമുണ്ട്. ഇവർ ദിവസവും പരിശോധന നടത്തും. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ജലാശയങ്ങൾ, തോടുകൾ, പുഴകൾ, ഡ്രെയ്നേജുകൾ തുടങ്ങിയവയിലൂടെ മലിനജലം ഒഴുക്കിവിടുന്ന വ്യക്തികളെയും
സ്ഥാപനങ്ങളെയും കണ്ടെത്തി ബോധവത്കരണം നടത്തും. മാത്രമല്ല പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുക, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കപ്പെടാത്ത സ്ഥാപനങ്ങളിൽ സംഘം പരിശോധന നടത്തി സ്പോട്ട് ഫൈൻ ചുമത്തി നോട്ടീസ് നൽകുകയും ചെയ്യും.
നഗരത്തെ വൃത്തിയാക്കി സൂക്ഷിക്കുകയാണ് ലക്ഷ്യം. ചീറ്റ സ്ക്വാഡുകൾ പരിശോധന നടത്തി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.പരിശോധന തുടരും ''- ഡോ. മുനവർ റഹ്മാൻ,
ഹെൽത്ത് ഓഫിസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |