ബേപ്പൂർ: മറീന ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷാ സംവിധാനവും പാർക്കിംഗ് സൗകര്യവുമില്ലെന്ന് ആക്ഷേപം. വാഹന യാത്രികർക്ക് പോർട്ട് ഓഫീസ് പരിസരങ്ങളിലും കപ്പൽ പൊളി ശാലയ്ക്ക് സമീപവും പരിമിതമായ പാർക്കിംഗ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നൂറു കണക്കിന് സഞ്ചാരികളാണ് ദിനം പ്രതി ബീച്ചിലെത്തുന്നത്. എന്നാൽ വയോജനങ്ങളും, ശാരീരികാസ്വസ്ഥ്യം ഉള്ളവരും ഭിന്നശേഷിക്കാരും 500 മീറ്ററോളം കാൽനടയായി വേണം ബീച്ചിലെത്താൻ . ഈ പ്രയാസം കണക്കിലെടുത്ത് കുടുംബത്തോടൊപ്പം എത്തുന്ന വയോജനങ്ങൾ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളെ ബീച്ചിലേക്ക് അയച്ച ശേഷം വാഹനത്തിൽ ചിലവഴിക്കേണ്ട സ്ഥിതിയാണ് . ബീച്ച് സന്ദർശിക്കുന്നവർ ഉല്ലാസയാത്രയ്ക്കായി ജങ്കാറിൽ കയറുന്നത് പതിവാണ്. ജങ്കാറിലേക്കുളള പ്രവേശന ഭാഗത്തെ റാമ്പുകൾ തകർന്ന് ഇരുമ്പ് കമ്പികൾ പുറമേക്ക് തള്ളിയ നിലയിലാണ്. കാത്തിരിപ്പ് കേന്ദ്രവും പൂർണ്ണമായും തകർന്ന സ്ഥിതിയാണ്. പുലിമൂട് ഭാഗത്ത് കടൽപാതയുടെ ഒരു വശത്തെ അലങ്കാരദീപങ്ങൾ മാസങ്ങളായി പണിമുടക്കിയ സ്ഥിതിയിലാണ്. സന്ധ്യക്ക് ശേഷവും പിഞ്ചു കുട്ടികളടക്കമുള്ള യാത്രക്കാർ കടലിൽ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. ലൈഫ് ഗാർഡുകളെ ബീച്ചിൽ നിയോഗിച്ചിട്ടുണ്ടെങ്കിലും സന്ധ്യ കഴിഞ്ഞാൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭിക്കുന്നില്ല. ബീച്ചിൽ ഷെൽട്ടർ സംവിധാനം ഇല്ലാത്തതിനാൽ വിനോദ സഞ്ചാരികളും ബീച്ച് ജീവനക്കാരടക്കമുള്ളവർ മഴയത്തും പൊള്ളുന്ന വെയിലത്തും നിൽക്കേണ്ട സ്ഥിതിയാണ് .ലൈഫ് ഗാർഡുകളുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കുവാൻ പോലും സൗകര്യമില്ല. പുളിമൂട് ഭാഗത്തെ റോഡിന് ഇരുവശവും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയോരങ്ങളിൽ ഫൈബർ വള്ളങ്ങൾ കമഴ്ത്തി ഇടുന്നതും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ചില തട്ടുകടകൾ പ്രവർത്തിക്കുന്നത്. വാഹനങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളെ പുലിമൂട് ഭാഗത്ത് ഇറക്കിയ ശേഷം വാഹനങ്ങൾ തിരിച്ച് പാർക്കിംഗ് ഇടങ്ങളിലേക്ക് എത്തിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം. മറീന ബീച്ചിലെ നിലവിലുള്ള സുരക്ഷാ ജീവനക്കാരിൽ ചിലർ വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |