കടകൾ തിങ്കളാഴ്ച തുറക്കും കാലിക്കറ്റ് ടെക്സ്‌റ്റൈൽസും മരുന്നുഷോപ്പും മൂന്നാഴ്ച കഴിഞ്ഞ് തുറക്കും
കോഴിക്കോട്:നഗരത്തെ മുൾമുനയിൽ നിറുത്തിയ പുതിയ സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തത്തിന്റെ കാരണം അജ്‌ഞാതമായി തുടരവേ കത്തിയമർന്ന കെട്ടിടത്തിലെ തീപിടിച്ച കടകളൊഴികെ മറ്റുള്ളവ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. 45 കടകളാണ് തുറക്കുക. മേയർ ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഹാളിൽ മൊഫ്യൂസിൽ ബസ്റ്റാൻഡ് ലൈസൻസി അസോ., വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, പൊലീസ്, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രറ്റ്, ഫയർ ഫോഴ്സ് തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് കടകൾ തുറക്കാൻ അനുമതി. കത്തി നശിച്ച് അപകടകരമായ രീതിയിൽ തൂങ്ങി നിൽക്കുന്ന ബോർഡുകളും ഷീറ്റുകളും പൂർണ്ണമായും നീക്കിയ ശേഷമായിരിക്കും കടകൾ തുറക്കുക. ഇതിന്റെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം തീ പടർന്നു പിടിച്ച് നശിച്ച കാലിക്കറ്റ് ടെക്സ്റ്റെൽസ്, താഴത്തെ നിലയിലെ സി.ആർ.സി മെഡിക്കൽ ഷോപ്പ് എന്നിവിടങ്ങളിൽ വെെദ്യുതി അടക്കമുള്ളവ മാറ്റേണ്ടതിനാൽ ഒരു മാസം കഴിഞ്ഞേ തുറക്കുകയുള്ളൂ.
വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മാറ്റും
വൈദ്യുതി വിതരണ ശൃംഖല തകരാറിലായിട്ടുണ്ടെന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും കെ.എസ്.ഇ.ബി യുടെയും റിപ്പോർട്ടുകൾ പരിഗണിച്ച് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കും. പ്രവൃത്തി മൂന്നാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും. ആദ്യഘട്ടമായി പാനലുകൾ മാറ്റി സ്ഥാപിച്ച് ഓരോ മുറിയിലേക്കുമുള്ള കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യും. മുറികൾക്കുള്ളിലുള്ള വയറിംഗ് ലൈസൻസികൾ ചെയ്യും. പൊതു ഇടങ്ങളിലെ ലൈറ്റിംഗുകളുടെ പ്രവൃത്തി അടുത്ത ഘട്ടമായി നടത്തും. കടമുറികളിലെ അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ ലൈസൻസികൾ ഉറപ്പു വരുത്തും. പൊതുവായ അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി സജ്ജമാക്കും. കെട്ടിടത്തിലെ ലൈസൻസികളുടെ അപേക്ഷ പരിഗണിച്ച് കണക്ടഡ് ലോഡ് ആവശ്യകതക്കനുസരിച്ച് കൂട്ടാനും കുറക്കാനുമുള്ള രീതിയിൽ സജ്ജീകരിക്കുന്നതിന് കെ.എസ്.ഇ.ബി യോട് മേയർ നിർദ്ദേശിച്ചു. കടകളുടെ വാടക ഒരു മാസത്തേക്ക് മരവിപ്പിക്കണമെന്ന ആവശ്യം വ്യാപാരികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അടുത്ത കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സ്റ്റാൻഡ് സമ്പൂർണ്ണ നവീകരണത്തിന് വേണ്ടി തയ്യാറാക്കിയ പുതിയ ഡി.പി.ആർ അംഗീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
തെരുവ്കച്ചവടത്തിന് വിലക്ക്
പുതിയസ്റ്റാന്റിലെ തെരുവ്കച്ചവടം പൂർണമായി നിരോധിക്കും. ലൈസൻസികളുടെ അപേക്ഷ കൂടി കണക്കിലെടുത്താണിത്. സ്റ്റാന്റിൽ തെരുവ് കച്ചവടം ക്രമാതീതമായി വർദ്ധിച്ചിരുന്നു. യാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കാത്തവിധം കച്ചവടക്കാർ സ്ഥലം കൈയടക്കുന്ന സ്ഥിതിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |