തൃശൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള സംഘടനകളുടെ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. കഴിഞ്ഞ ദിവസത്തെ സ്വകാര്യ ബസുടമകളുടെ സമരത്തിന് പിന്നാലെയുള്ള ദേശീയ പണിമുടക്കും മൂലം രണ്ട് ദിവസം ജനം വലഞ്ഞു. സമരത്തിൽ പങ്കെടുക്കാത്തവർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സർവീസ് നടത്താനെത്തിയപ്പോൾ സമരക്കാർ തടഞ്ഞു. നാല് സർവീസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തിയത്.
തുറന്ന കടകൾ അടയ്ക്കാൻ ശ്രമിച്ചപ്പോൾ തർക്കങ്ങളും ഉയർന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ തുറന്ന് പ്രവർത്തിച്ച ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു.
അടയ്ക്കാൻ വിസമ്മതിച്ച ശാസ്താ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലെ സാധനങ്ങൾ സമരക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞു. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്കെങ്കിലും ഐ.എൻ.ടി.യു.സി ഇടതു സംഘടനകൾക്ക് ഒപ്പമായിരുന്നില്ല പ്രതഷേധം. കോൺഗ്രസിന്റെ സർവീസ് സംഘടന സമരത്തിൽ പങ്കാളികളായില്ല.
ഓഫീസുകൾ കാലി
തൊണ്ണൂറു ശതമാനം സർക്കാർ ഓഫീസുകളും ഇന്നലെ അടഞ്ഞു കിടന്നു. പണിമുടക്കിൽ പങ്കെടുക്കാത്തവർ ജോലിക്ക് എത്തിയെങ്കിലും ഓഫീസുകൾ തുറക്കാത്തതിനാൽ തിരികെ മടങ്ങി. കളക്ടേറ്റിലും ഹാജർ നില വളരെ കുറവായിരുന്നു. സ്‌കൂളുകളിൽ ചിലയിടങ്ങളിൽ അദ്ധ്യാപകരും മറ്റു ജീവനക്കാരും എത്തിയെങ്കിലും വിദ്യാർത്ഥികൾ എത്തിയില്ല.
നൂറോളം കേന്ദ്രങ്ങളിൽ പ്രകടനം
പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നൂറോളം കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് തലത്തിൽ കോഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. നഗരത്തിൽ സി.എം.എസ് സ്‌കൂളിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിലും ധർണയലും നൂറുക്കണക്കിന് പേർ പങ്കെടുത്തു. തുടർന്ന് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എം.രാധകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യു.പി.ജോസഫ്, ടി.സുധാകരൻ,എം.കെ.തങ്കപ്പൻ,പി.കെ.കൃഷ്ണൻ,ഡോ.രാജീവ് കുമാർ, ഹരീഷ് കുമാർ,മീര നായർ, മോഹൻദാസ് എന്നിവർ സംസാരിച്ചു.
ഐക്യ ജനാധിപത്യ ട്രേഡ് യൂണിയൻ മാർച്ച്
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യു.ഡി.എഫ് സംഘടനകളുടെ കൂട്ടായ്മയായ ഐക്യ ജനാധിപത്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സി.എം.എസ് സ്‌കൂളിന് മുൻപിൽ നിന്നും എ.ജി ഓഫീസിലേക്ക് പ്രകടനം നടത്തി. ജില്ലാ ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ തൊഴിലാളികർഷക വിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും സന്ധിയില്ലാ സമരവുമായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. വി.എ.ഷംസുദ്ധീൻ,കെ.എൻ.നാരായണൻ,പി.എ.ഷാഹുൽ ഹമീദ്, സി.വി.കുരിയാക്കോസ് , തോമസ് മാസ്റ്റർ,ബി.ശശീന്ദ്രൻ,കെ.ബി.രതീഷ് എന്നിവർ സംസാരിച്ചു.
നാലു സർവീസ് മാത്രം
തൃശൂർ: കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോയിലെ 58 സർവീസുകളിൽ നാലു ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇന്നലെ പുലർച്ചെ 4.20, 6.40 നും തിരുവനന്തപുരം സർവീസുകളും ഒരോ കോഴിക്കോട്, മൈസൂർ സർവീസുകളും ഡിപ്പോയിൽ നിന്ന് പുറപ്പെട്ടു. ഇതിൽ 6.40 നുള്ള തിരുവനന്തപുരം സർവീസ് സമരാനുകൂലികൾ തടഞ്ഞെങ്കിലും പൊലീസ് എത്തി സമരക്കാരെ മാറ്റി ജീവനക്കാർക്ക് സുരക്ഷയൊരുക്കി. ആകെയുള്ള 129 ജീവനക്കാരിൽ അറുപതോളം പേർ ജോലിക്കെത്തിയെങ്കിലും കൂടുതൽ സർവീസ് നടത്താൻ സാധിച്ചില്ല. ഇന്നലെ രാത്രിയോടെ കൂടുതൽ ദീർഘദൂര സർവീസുകൾ ഡിപ്പോയിൽ നിന്ന് പുറപ്പെട്ടു. ചാലക്കുടി ഡിപ്പോയിൽ മെഡിക്കൽ കോളേജിലേക്ക് ഒരു ബസ് സർവീസ് നടത്തി. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ,പുതുക്കാട്, മാള ഡിപ്പോകളിൽ നിന്ന് ഒരു സർവീസും നടത്തിയില്ല. ചാലക്കുടിയിലെ പമ്പ് മുഴുവൻ സമയവും പ്രവർത്തിച്ചു.
റവന്യൂ ഓഫിസുകളിൽ 153 പേർ മാത്രം
തൃശൂർ : പണിമുടക്കിൽ റവന്യൂ ഓഫിസുകളിൽ 1704 ജീവനക്കാരിൽ 153 പേർ മാത്രമാണ് ജോലിക്കെത്തിയത്. കളക്ടറേറ്റിലെ 204 ജീവനക്കാരിൽ ഏഴ് പേർ മാത്രമാണ് ഹാജരായത്. 13 പേർ അവധി അപേക്ഷ നൽകിയിരുന്നു. തൃശൂർ ആർ.ഡി.ഒ ഓഫീസിൽ 24 പേരിൽ ഒരാളും ഇരിങ്ങാലക്കുട ആർ.ഡി.ഒ ഓഫിസിൽ 33 പേരിൽ നാല് പേരുമാണ് ഹാജരായത്. ചാവക്കാട് താലൂക്ക് ഓഫിസിൽ 139 പേരിൽ നാലും തലപ്പള്ളി താലൂക്കിൽ 163 പേരിൽ ആറും കൊടുങ്ങല്ലൂർ താലൂക്കിൽ 109 പേരിൽ 14ഉം ചാലക്കുടി താലൂക്കിൽ 175 ജീവനക്കാരിൽ 24ഉം മുകുന്ദപുരത്ത് 191ൽ 28ഉം കുന്നംകുളത്ത് 130ൽ ഒമ്പതും തൃശൂരിൽ 333 പേരിൽ 34 പേരും മാത്രമാണ് ഹാജരായത്.
സർക്കാർ ചെലവിൽ സമരക്കാരുടെ ഗുണ്ടായിസം: ബി.എം.എസ്
തൃശൂർ: ഭരണകക്ഷി യൂണിയനുകൾ നടത്തിയ സമരം പൊലീസിന്റെ സംരക്ഷണത്തിൽ ജില്ലയിൽ പലയിടങ്ങളിലും പൊതുജനങ്ങളോടും സാധാരണ തൊഴിലാളികളോടും ഭീഷണിപ്പെടുത്തി ഗുണ്ടായിസം കാണിക്കുകയായിരുന്നുവെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം. അതാണ് ഗുരുവായൂർ പോലെയുള്ള സ്ഥലങ്ങളിൽ അക്രമം അഴിച്ചുവിട്ടതിന്റെ പിന്നിൽ കണ്ടത്. സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ന്യായമല്ലാത്ത കാരണങ്ങളാണ് സമരത്തിന്റെ മുദ്രാവാക്യം. കേരളത്തിൽ ആശ വർക്കർമാർ 10000 രൂപയ്ക്കു വേണ്ടി സമരം ചെയ്യുമ്പോൾ അത് കൊടുക്കാൻ തയ്യാറല്ലാത്തവരാണ് കേന്ദ്രം 26000 രൂപകുയാക്കണമെന്ന് പറയുന്നതെന്നും ബി.എം.എസ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |