മാതാപിതാക്കൾക്ക് കൈമാറി
കൊച്ചി: പിറന്നുവീണ ശേഷം അഞ്ചു മാസം ലഭിക്കാതെ പോയ മാതൃസ്നേഹത്തിന്റെ ചൂട് ഇന്നലെ കുഞ്ഞു നിധി അറിഞ്ഞു. എറണാകുളം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. സിനിയുടെ നേതൃത്വത്തിൽ ജാർഖണ്ഡിലെത്തിച്ച കുരുന്നിനെ സന്തോഷാശ്രുക്കളോടെ അമ്മ രഞ്ജിത മാറോടണച്ചു. നിസ്സഹായതയുടെ പരകോടിയിൽ ഉപേക്ഷിക്കേണ്ടി വന്ന കുഞ്ഞിനെ വിറയാർന്ന കൈകളോടെ അച്ഛൻ മംഗളേശ്വർ തലോടി.
ജാർഖണ്ഡിലെ ലോഹർഗഡ കളക്ടറേറ്റാണ് കണ്ടുനിന്നവരുടെ കണ്ണുകളിൽ സന്തോഷാശ്രു നിറച്ച രംഗങ്ങൾക്ക് വേദിയായത്. ജാർഖണ്ഡ് ദമ്പതികളായ മംഗളേശ്വറും രഞ്ജിതയും കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ ഫെബ്രുവരിയിൽ ഉപേക്ഷിച്ച കുഞ്ഞാണ് അഞ്ചാം മാസം മാതാപിതാക്കളുടെ ചാരത്തണഞ്ഞത്. കുഞ്ഞിനെ ജാർഖണ്ഡ് സി.ഡബ്ല്യു.സിക്ക് കൈമാറുന്നതിനായി ജൂലായ് ഏഴിനാണ് കെ.എസ്. സിനിയുടെ നേതൃത്വത്തിലുള്ള
പ്രത്യേക സംഘം എറണാകുളത്തു നിന്ന് ധൻബാദ് എക്സ്‌പ്രസിൽ യാത്രതിരിച്ചത്. ഇന്നലെ രാവിലെ റാഞ്ചിയിലെത്തിയ സംഘം 11ന് ലോഹർഗഡയിലെത്തി. 11.10ന് കുഞ്ഞിനെ ലോഹർഗഡ സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ കുന്തി സാഹുവിന് കൈമാറി.
മാതാപിതാക്കളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ജാർഖണ്ഡ് സി.ഡബ്ല്യു.സി കുട്ടിയെ അവർക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരോടും ലോഹർഗഡ കളക്ടറേറ്റിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു.
മനം നിറഞ്ഞ്....
കളക്ടറേറ്റിൽ മാതാപിതാക്കളുടെയും ഒപ്പമുള്ളവരുടെയും കാത്തിരിപ്പിനു വിരാമമിട്ട് കേരള, ജാർഖണ്ഡ് സി.ഡബ്ല്യു.സി അധികൃതർക്കൊപ്പം നിധിയെത്തിയപ്പോൾ സമയം 12.30 കഴിഞ്ഞു. ലോഹർഗഡ കളക്ടർ ഡോ. കുമാർ താരാ ചന്ദിന്റെ കൈകളിൽ നിന്ന് കുഞ്ഞ് നിധി മാതൃസ്‌നേഹത്തിന്റെ മാറോടഞ്ഞു.
ഡി.സി.പി.ഒയ്‌ക്കൊപ്പം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷനോ ജോസ്, പ്രൊജക്ട് അസിസ്റ്റന്റ് മിഥു, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജി, പ്രമീള, പ്രസന്ന, സോഷ്യൽ വർക്കർ കെ.ആർ. രോഹിത് എന്നിവരാണ് കുഞ്ഞിനെ കേരള സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിൽ ബാലവേലയ്ക്ക് എത്തിച്ച 17കാരിയെ പശ്ചിമബംഗാൾ ശിശുസംരക്ഷണ സമിതിക്ക് കൈമാറുന്നതിനായി സംഘത്തിലെ ചിലർ അവിടേക്ക് ഇന്നലെ ജാർഖണ്ഡിൽ നിന്ന് തിരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |