കോഴിക്കോട്: അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഇന്നലെയും വ്യാപക നാശനഷ്ടം. പേരാമ്പ്ര കൂത്താളിയിൽ ഇന്നലെ പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. കൂത്താളി സ്കൂളിലെ ശൗചാലയത്തിൻ്റെ ഷീറ്റ് മുഴുവനായും പറന്ന് തൊട്ടടുത്ത വീട്ടുമുറ്റത്ത് പതിച്ചു. 18 മീറ്ററോളം നീളമുള്ള ഷീറ്റാണ് വൈദ്യുത ലൈനിൽ തട്ടി പോസ്റ്റ് അടക്കമാണ് മറിഞ്ഞത്. കനത്ത കാറ്റിൽ മേഖലയിൽ വലിയ നഷ്ടമുണ്ടായി. വാഴ, കപ്പ, തെങ്ങിൻ തൈകൾ എന്നിവ നശിച്ചു. നിരവധി മരങ്ങൾ വീണു. വൈദ്യുത ലൈനുകൾ പൊട്ടി പോസ്റ്റുകൾ ചരിഞ്ഞു. കൂത്താളി വെട്ടിയോട്ടു കുന്നുമ്മൽ ബാലകൃഷ്ണൻ്റെ വീട്ടിൻ്റെ മേൽക്കൂര തെങ്ങു വീണ് തകർന്നു. വെെദ്യുതി തൂണുകളും നിലം പൊത്തി. മെഡിക്കൽ കോളേജ് പരിസരത്ത് കാറ്റിൽ മരം പൊട്ടി വീണ് കാർ തകർന്നു. കൊഴുക്കല്ലൂരിൽ വീടിന് മുകളിൽ മരം വീണു. നടുക്കണ്ടി മീത്തൽ വിനോദന്റെ വീടിനാണ് മരം വീണ് നാശനഷ്ടമുണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് -വന്ത്രമ്മൽ നാസറിന്റെ കിണർ ഇടിഞ്ഞു. പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുന്ദമംഗലം ഭാഗത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലാക്രമണത്തിന് സാദ്ധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.8 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കാറ്റിൽ പ്ലാവ് വീണ് വീട് നിലം പൊത്തി
ഫറോക്ക്: ഒളവണ്ണ പന്ത്രണ്ടാം വാർഡിൽ ചാത്തോറ റോഡിനടുത്ത് പുല്ലൂർ സുബ്രഹ്മണ്യൻ നായരുടെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് വീട് തകർന്നു. ഒളവണ്ണ പഞ്ചായത്ത്, 5 ആം വാർഡിൽ കുന്നത്ത് പാലം പന്തീരങ്കാവ് റോഡിൽ റോഡരികത്ത് നിന്ന വലിയ തണൽ മരത്തിന്റെ ശാഖകൾ റോഡിനു കുറുകെ ഒടിഞ്ഞുവീണു വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കടലുണ്ടിക്കടവ് റോഡിൽ കപ്പലങ്ങാടി വലിയാലിനു സമീപം മരം വീണു. രണ്ടു സ്ഥലത്തും മീഞ്ചന്ത ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതയോഗ്യമാക്കി.
മരം വീണ് ഗതാഗതം തടസപ്പെട്ടു
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും പനമരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം. അഗ്നി രക്ഷ നിലയത്തിൽ നിന്നെത്തിയ സംഘം മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
കൊയിലാണ്ടി അണേലകടവ്, ഹാർബർ റോഡ്, ഉപ്പാല കണ്ടി ക്ഷേത്രത്തിന് മുൻവശവും കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു.
ഒളവണ്ണ പന്ത്രണ്ടാം വാർഡിൽ ചാത്തോറ റോഡിനടുത്ത് പുല്ലൂർ സുബ്രഹ്മണ്യൻ നായരുടെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് വീട് തകർന്നു. ഒളവണ്ണ പഞ്ചായത്ത്, കുന്നത്ത് പാലം പന്തീരങ്കാവ് റോഡിൽ റോഡരികത്ത് നിന്ന തണൽ മരത്തിന്റെ ശാഖകൾ റോഡിനു കുറുകെ ഒടിഞ്ഞുവീണു. പലയിടത്തും മരങ്ങൾ വീണ് വാഹന ഗതാഗതം തടസപ്പെട്ടു.
തെങ്ങ് കടപുഴകി വീണ് നാല്
ഇലക്ട്രിക്ക് പോസ്റ്റുകൾ മുറിഞ്ഞു
നന്മണ്ട: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ നന്മണ്ട പൊയിൽ താഴം - ബാലുശ്ശേരി റോഡിൽ പുതു കുളത്തിന് സമീപം തെങ്ങ് കടപുഴകി വീണ് നാല് ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി നിലം പതിച്ചു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.
ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങളും കാൽനട യാത്രക്കാരും വരാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഒരേ സമയത്ത് 4 പോസ്റ്റുകളും ഇലക്ട്രിക്ക് കമ്പികളും റോഡിലേക്കാണ് വീണത്. തെങ്ങും റോഡിന് കുറുകെ വീണു കിടക്കുകയാണ്. കെ.എസ്. ഇ.ബി. അധികൃതരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.
ക്യാമ്പുകളിൽ 52 കുടുംബങ്ങൾ
കോഴിക്കോട്: ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ശേഷിക്കുന്നത് 52 കുടുംബങ്ങളിൽ നിന്നുള്ള 145 പേർ. കോഴിക്കോട് താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി 13 പുരുഷന്മാരും 21 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 45 പേരാണുള്ളത്. വടകര താലൂക്കിലെ ഒരു ക്യാമ്പിൽ 100 പേരാണുള്ളത്. ഇതിൽ 47 പുരുഷന്മാരും 35 സ്ത്രീകളും 18 കുട്ടികളുമുണ്ട്. കൊയിലാണ്ടി താലൂക്കിലെ ചങ്ങാരോത്ത് വില്ലേജിൽ കടിയങ്ങാട് എ.എൽ.പി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് വെള്ളം ഇറങ്ങിയതിനെ തുടർന്ന് പിരിച്ചുവിട്ടു.
പെരുമഴ - മണ്ണിടിച്ചിൽ ഭീഷണിയിൽ ജില്ല
കോഴിക്കോട്: തീവ്രമഴയുടെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണത്തിനും മറ്റുമായി മണ്ണെടുത്ത സ്ഥലങ്ങളിൽ ഇടിച്ചിൽ ഭീഷണി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായാണ് പലയിടങ്ങളിലും മണ്ണെടുത്തിട്ടുള്ളത്. മേപ്പയൂരിൽ നൊച്ചാട്, മുതുകുന്ന്, ഒലോറക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മണ്ണെടുത്തത് മണ്ണിടിച്ചിൽ ഭീഷണിയുയർത്തുന്നതായി നാട്ടുകാരും പൊതുപ്രവർത്തകരും. അശാസ്ത്രീയമായും അനുവദിച്ചതിലുമധികം അളവിലും മണ്ണെടുത്തതാണ് വിനയാകുന്നത്. മഴവെള്ളം ശക്തമായി മണ്ണിനടിയിലേക്ക് ഒലിച്ചിറങ്ങുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. പലയിടത്തു അടിമണ്ണിന് കാഠിന്യം കുറവാണ്. ഇത് ഒലിച്ചുപോകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. അടിത്തറ ഇളകാത്ത തലത്തിൽ ചെരിവോടുകൂടി മണ്ണെടുക്കുന്നതിനു പകരം കുത്തനെയാണ് പല സ്ഥലങ്ങളിലും ഇടുത്തിട്ടുള്ളത്. പാലക്കാട് തൃശൂർ ദേശീയപാതയിൽ കഴിഞ്ഞ വർഷം ചുവന്ന മണ്ണ് ഭാഗത്ത് ഇതുപോലെ മണ്ണിടിഞ്ഞിരുന്നു. കുത്തന്നെ മെണ്ണെടുത്ത സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യത കൂടുതലാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പരിസരത്തുള്ള നിരവധി കുടുംബങ്ങൾ ആശങ്കയിലാണ്. കുന്നോറമല, മുക്കാളി, വടകര കേളു ബസാർ ഭാഗങ്ങളിൽ ദേശീയപാതയുടെ ഇരുവശവും കുന്നിടിച്ചിൽ ഭീഷണിയിലാണ്.
തണ്ണീർത്തടം നികത്തിയതും പ്രശ്നം
തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തിയത് വെള്ളക്കെട്ടിനും ദുരിതത്തിനുമിടയാക്കുന്നതാണ് മറ്റൊരു പ്രശ്നം. കോഴിക്കോട് നഗരത്തിലുൾപ്പെടെ ജില്ലയുടെ പല ഭാഗത്തും ഇത്തരം നിർമ്മിതികളുണ്ട്. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. കോഴിക്കോട് ടൗണിൽ പോലും അഴുക്കുചാലില്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. സരോവരം പാർക്ക്, കോട്ടൂളി മേഖലയിൽ തണ്ണീർത്തടം നികത്തിയത് നിരവധി കുടുംബങ്ങളെ വെള്ളത്തിലാക്കിയെന്ന് സരോവരം തണ്ണീർത്തടം പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. വെള്ളപ്പൊക്കം കാരണം വാഴാത്തിരുത്തി, കിഴക്കൻ തിരുത്തി പ്രദേശത്തു നിന്ന് പി.ഡബ്ളിയു.ഡി റോഡ് വഴി നഗരത്തിലെത്താൻ ബുദ്ധിമുട്ടായെന്ന് വാഴാത്തിരുത്തി റസിഡൻസ് അസോസിയേൻ ഭാരവാഹികളും ആരോപിച്ചു. തണ്ണീർത്തടത്തിൽ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
മൂരാട് ദേശീയപാതയിലെ വിള്ളൽ അടക്കുന്നു
വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളലുണ്ടായ ഭാഗം താത്ക്കാലികമായി അടക്കാനുള്ള ശ്രമം നടത്തുന്നു. കരാർ കമ്പനിയായ ഇ ഫൈവ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇവിടെ പ്രവൃത്തി നടത്തിയത്. പാറപ്പൊടി ഉപയോഗിച്ചാണ് വിടവുകൾ അടക്കുന്ന നടപടി പുരോഗമിക്കുന്നത്. ഇത് ശാശ്വത പരിഹാരമല്ലെന്നും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെയാണ് റോഡിൽ വിള്ളൽ ശ്രദ്ധയിൽപെട്ടത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. റോഡിൻറെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തത്താണ് വിള്ളൽ ഉണ്ടായത്. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |