കോഴിക്കോട് : ഏലക്കായകളിൽ തവിട്ട് നിറത്തിൽ പാടുകൾ ഉണ്ടാക്കുന്ന ഏലപ്പേനുകളെ നേരിടാൻ ജൈവ കീടനാശിനി വികസിപ്പിച്ചെടുത്ത് ഐ.സി.എ.ആർ- ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം. കർഷകർ ഉപയോഗിക്കുന്ന രാസകീടനാശിനികൾക്ക് പകരം ജെെവ കീടനാശിനിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനമാണ് ഗവേഷണ സ്ഥാപനം ലക്ഷ്യമിടുന്നത്. കേന്ദ്ര കീടനാശിനി ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ (സി.ഐ.ബി ആൻഡ് ആർ.സി) അംഗീകാരം ലഭിച്ചു. ഡോ. സി. എം. സെന്തിൽ കുമാർ, ഡോ. ടി. കെ. ജേക്കബ്, ഡോ. എസ്. ദേവസഹായം എന്നിവരടങ്ങിയ സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഇന്ത്യയിൽ 70,000 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്ന ഏലത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് പേൻ ശല്യം. ഏകദേശം 30മുതൽ 90 ശതമാനം കായ്കളെ നശിപ്പിക്കുകയും 45 മുതൽ 48 ശതമാനം വരെ വിളവ് കുറയ്ക്കുകയും ചെയ്യുന്നതാണ് പേൻ ആക്രമണം.
ഉപയോഗക്രമം
ചാണകവുമായി കലർത്തി മണ്ണിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയുന്ന തരി രൂപത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഏലത്തിന്റെ ചുവടിൽ മൂന്നോ നാലോ തവണ പ്രയോഗിക്കാം. സംയോജിത കീടനിയന്ത്രണ പദ്ധതികളിൽ ഉപയോഗിക്കുന്നതിനും അനുയോജ്യമാണ്. രാസകീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി സുഗന്ധവ്യഞ്ജനങ്ങളിലുണ്ടാകാവുന്ന കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് നിയന്ത്രിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമാക്കുന്നതിനും പുതിയ കീടനാശിനിയുടെ ഉപയോഗം വഴി സാദ്ധ്യമാവും.
ലെെസൻസ് ലഭിക്കാൻ
ഈ സാങ്കേതികവിദ്യയുടെ വാണിജ്യോത്പാദനത്തിനും വിപണനത്തിനുമായി ലൈസൻസുകൾ ഐ.ഐ.എസ്.ആർ നൽകുന്നുണ്ട്. താത്പര്യമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. വിലാസം: ഐ.ടി.എം-എ.ബി.ഐ യൂണിറ്റ്, ഐ.സി.എ.ആർ-ഐ.ഐ.എസ്.ആർ മേരികുന്ന് പി.ഒ, കോഴിക്കോട് - 673012. ഫോൺ: 495-2731410, ഇമെയിൽ: iisrbpd2019@gmail.com, iisritmu2020@gmail.com.
'രാസ കീടനാശിനികൾക്ക് പകരമായി കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ജൈവ കീട നിയന്ത്രണ മാർഗത്തിന്റെ ഉപയോഗം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താനിടയുണ്ട്. ഡോ. ആർ. ദിനേശ് ,ഡയറക്ടർ, ഐ.ഐ.എസ്.ആർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |