കോഴിക്കോട് : വടകര, കൊയിലാണ്ടി മേഖലയിൽ യാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡുകൾ തകർന്നിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊതുമരാമത്ത് (റോഡ്സ്) വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലായ് 29ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് റോഡ് തകരാൻ കാരണമെന്ന് പറയന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡ് കുഴിക്കുന്നതും തകർച്ചയ്ക്ക് കാരണമായി. വടകരയിൽ ദേശീയപാത നിർമ്മാണത്തിന്റെ പേരിലാണ് കുഴികൾ രൂപം കൊള്ളുന്നത്. നാദാപുരം -കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി പൈപ്പ് റോഡ് നവീകരിക്കാൻ 8 കോടി അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |