കോഴിക്കോട്: നാട്ടുകാരുടെ എതിർപ്പിനെ കാറ്റിൽപറത്തി നടത്തിയ നിർമാണപ്രവർത്തനം കവർന്നത് ഒരു ജീവൻ. തൊണ്ടയാട് ബെെപ്പാസിൽ നെല്ലിക്കോട് കോപ്പർ ഫോളിയയ്ക്ക് തൊട്ടടുത്ത് ഫ്ലാറ്റ് നിർമാണത്തിനെതിരായ നാട്ടുകാരുടെ പരാതിയ്ക്ക് മാസങ്ങളുടെ പഴക്കമുണ്ട്. കോർപ്പറേഷന്റെയും കോടതിയുടെയും ഉത്തരവുകൾക്കൊന്നും വില കൽപ്പിക്കാതെ, പ്രദേശം മുഴുവൻ കെട്ടിമറച്ചാണ് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ഇവിടെ നിർമാണം നടത്തുന്നത്. നിരപ്പിൽ നിന്നും ഏഴ് മീറ്ററോളം ഉയരത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. മൂന്ന് പേർ മണ്ണിനടിയിലാണെന്ന് ഇവിടുത്തെ മറ്റ് ജോലിക്കാർ അറിയിച്ചതിനെത്തുടർന്ന് ചേവായൂർ പൊലീസും ബീച്ച്, വെള്ളിമാട്കുന്ന് സ്റ്റേഷനുകളിൽ നിന്നായി ഫയർ യൂണിറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണം നടക്കുന്നയിടത്ത് ആഴത്തിൽ കുഴികളെടുത്തതിനാൽ മണ്ണ് മാറ്റാനായി ജെ.സി.ബി ഇറക്കാനും മറ്റും ബുദ്ധിമുട്ടി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 1.10 നാണ് മരിച്ച വെസ്റ്റ് ബംഗാൾ സ്വദേശിയായ എലിയസർ എക്കയുടെ മൃതദേഹം പുറത്തെടുത്തത്. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, കെ.എം സച്ചിൻ ദേവ് എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവർ സ്ഥലത്തെത്തി. രക്ഷപ്രവർത്തനം ആരംഭിച്ച ശേഷം രണ്ട് തവണ കൂടി മണ്ണിടിഞ്ഞു.
നാട്ടുകാരുടെ എതിർപ്പ് പരിഗണിച്ചില്ല
സംരക്ഷണഭിത്തി കെട്ടാതെ കുത്തനെ മണ്ണിടിച്ച് നിർമാണം നടത്തുന്നതിനെതിരെ നാട്ടുകാർ നിരവധിതവണ പരാതി നൽകിയിരുന്നു. മൂന്നു മാസം മുൻപാണ് ഇവിടെ നിർമാണം ആരംഭിച്ചത്. നിർമാണ പ്രവർത്തനം തടയാൻ കോടതിയിൽ നിന്നും നിർദേശം നൽകിയിരുന്നു. ജില്ലാ കലക്ടർ, സബ് കലക്ടർ, മുഖ്യമന്ത്രി, ജിയോളജി ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകിയിരുന്നു. നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്ന് രണ്ടാഴ്ച മുൻപ് തന്നെ കോർപറേഷൻ നിർദേശം നൽകിയിരുന്നതായി സ്ഥലത്തെ കൗൺസിലർ സുജാത കൂടത്തിങ്കൽ പറഞ്ഞു. മണ്ണെടുക്കുന്നതിന് മെെനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി കരാറുകാർ നേടിയിരുന്നു. ജൂൺ 17 നും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. സംരക്ഷണ ഭിത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വില്ലേജ് ഓഫീസർ നിർദേശം നൽകിയിരുന്നു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി പ്രദേശത്തെ പ്രശ്നങ്ങൾ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഞെട്ടൽ മാറാതെ ഷീലയും പേരക്കുട്ടിയും
വീടിന്റെ വരാന്തയിലിരുന്ന് മകളുടെ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് വീടിനോട് ചേർന്നുള്ള റോഡ്
വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീഴുന്നത് കണ്ടത്. കൂട്ടനിലവിളികളും കൂടി കേട്ടതോടെ നാലുവയസുകാരൻ ധ്രുവിനെയുമെടുത്ത് വീടിന്റെ പിന്നാമ്പുറം വഴി ഇറങ്ങിയോടി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞെട്ടൽ മാറിയിട്ടില്ലെന്നാണ് നെല്ലിക്കോട് മേലേ കുറ്റിയത്ത് ഷെഫീക്കിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി.ഷീല പറഞ്ഞത്. എട്ട് മാസമായി മകളുടെ കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഫ്ലാറ്റിന്റെ പെെലിംഗ് ജോലികൾ നടക്കുന്ന സമയത്ത് വീട് കുലുങ്ങുന്നത് പോലെയാണ് തോന്നാറ്. ഇപ്പോൾ വീട്ടിലേക്കുള്ള വഴിയുൾപ്പെടെ മണ്ണിനടിയിലായി. ഇനിയും മണ്ണിടിച്ചിലുണ്ടായാൽ വീടും പോകും. ഇനിയെന്ത് ചെയ്യണമെന്നറിയില്ലെന്നും ഷീല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |