കോഴിക്കോട് : തകർന്ന് തരിപ്പണമായ കോഴിക്കോട് -കണ്ണൂർ ദേശീയപാതയിൽ ഗതാഗതമിഴയുമ്പോൾ ആശ്വാസമാകുന്ന തീരദേശ റോഡും ദുരിത പാതയായി. നഗരം ഗതാഗതക്കുരുക്കിലാവുമ്പോൾ വാഹന യാത്രക്കാർ ഏറെയും ആശ്രയിച്ചിരുന്നത് തീരദേശ റോഡിനെയായിരുന്നു. എന്നാൽ അറ്റകുറ്റപ്പണി മുടങ്ങിയതിന് പുറമെ കടലാക്രണവും കൂടിയായതോടെ കോഴിക്കോട് മുതൽ കൊയിലാണ്ടി വരെ തീരദേശ റോഡുകളിലെ യാത്രയും ദുഷ്‌കരമായി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലേറ്റത്തിൽ കാപ്പാട് തൂവപ്പാറ കൊയിലാണ്ടി ഹാർബർ റോഡിന്റെ ഭൂരിഭാഗവും തകർന്നു. കഴിഞ്ഞ രണ്ട് വർഷവും കടലാക്രമണത്തിൽ ഇവിടുത്തെ റോഡുകൾ തകർന്നിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കടലാക്രമണ ഭീഷണിയുള്ള പത്ത് ഹോട്ട് സ്‌പോട്ടുകളിൽ കാപ്പാടുമുണ്ട്. കൊയിലാണ്ടി ഹാർബറിലേക്ക് മത്സ്യവുമായി വലിയ വാഹനങ്ങൾ ഉൾപ്പടെ വരുന്നത് ഇതുവഴിയാണ്. ദേശീയപാത നിർമാണം ഇഴയുന്നതുമൂലം ഗതാഗതക്കുരുക്ക് ഒഴിയാദുരിതമായിരിക്കുകയാണ്. എത്രയും വേഗത്തിൽ റോഡ് പുനർനിർമ്മിക്കണമെന്നാണ് തീരദേശവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ആവശ്യം. ജില്ലയിൽ പലയിടത്തും തീരദേശ റോഡുകളുടെ സ്ഥിതി സമാനമാണ്.
പുലിമുട്ട് വരും
വലിയ തിരകൾ രൂപപ്പെടുന്ന പ്രദേശമായതിനാൽ പുലിമുട്ട് നിർമ്മിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ആവശ്യം യാഥാർത്ഥ്യമാവും. എട്ട് കോടി രൂപ ചെലവിൽ പുലിമുട്ട് നിർമ്മിക്കാനാണ് തീരുമാനം. ഇവിടം പ്രത്യേക മേഖലയായി തിരിച്ച് കടൽത്തീരം സംരക്ഷിക്കാൻ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ഉദ്യോഗസ്ഥരും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ വിദഗ്ദ്ധരും കാപ്പാടെത്തി പരിശോധന നടത്തിയിരുന്നു. പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരദേശ പാത നിർമ്മിക്കുക.
'' ഓരോ മഴക്കാലത്തും തീരദേശ റോഡ് തകരുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും പതിവ് കാഴ്ചയാണ്. ശാസ്ത്രീയ പഠനം നടത്തി എത്രയും വേഗത്തിൽ റോഡ് പുനർനിർമാണം നടത്തണം.
മൊയ്തീൻ കോയ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |