കോഴിക്കോട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വച്ചതിനെതിരെയും അവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കോഴിക്കോട് അതിരൂപത, താമരശ്ശേരി രൂപത, കേരള കൗൺസിൽ ഒഫ് ചർച്ചസ്, കോഴിക്കോട് എക്യൂമെനിക്കൽ ഫോറം, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ നഗരത്തിൽ ശക്തമായ പ്രതിഷേധ ജാഥ നടത്തി. “നീതി ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ ലഭിക്കണം” എന്ന മുദ്രാവാക്യവുമായാണ് ജാഥ. കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങൾക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ഉടൻ നടപടിയെടുക്കണമെന്നും കന്യാസ്ത്രീകൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ ഫെറോന വികാരി ഫാ.ജെറോം ചിങ്ങന്തറ സ്വാഗതം ചെയ്തു. ഇടവക വികാരി ഫാ.റെനി ഫ്രാൻസിസ് റാലിക്ക് ഫ്ലാഗ് ഒഫ് നൽകി. പള്ളിയിൽ നിന്ന് ആരംഭിച്ച ജാഥ കണ്ണൂർ റോഡ് ജംഗ്ഷൻ, ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡ് വഴി പള്ളിയങ്കണത്തിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ കെ.എൽ.സി.ഇ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രതിനിധിയായി ഫാ. ജെയിംസ്, സന്യാസിനികളുടെ പ്രതിനിധിയായി അപ്പോസ്തോലിക് കാർമ്മൽ സിസ്റ്റർ ആൽമ, മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ഫാ.ബോബി പീറ്റർ, ബിജു ജോസി, ബിനു എഡ്വേഡ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |