162 ഓണച്ചന്തകളിൽ
വീട്ടിലെ പച്ചക്കറി
കോഴിക്കോട്: ഓണത്തിന് സദ്യയൊരുക്കാൻ വരത്തൻ പച്ചക്കറി വാങ്ങി വയറു കേടാക്കേണ്ട. വീട്ടുവളപ്പിലെ വിഷരഹിത പച്ചക്കറി ഇക്കുറി ഓണച്ചന്തയിൽ വേണ്ടുവോളം കിട്ടും. വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ എന്ന ലക്ഷ്യത്തോടെ 'സമഗ്ര പച്ചക്കറി ഉത്‌പാദനയജ്ഞം' പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നൽകിയ വിത്തുകൾ വിളവെടുപ്പിന് ഒരുങ്ങി. വരും ദിവസങ്ങളിൽ വിളവെടുവെടുത്ത പച്ചക്കറി കൃഷി വകുപ്പിന്റെ ഓണച്ചന്തകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, ജനപ്രതിനിധികൾ തുടങ്ങിയ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങളുടെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
വിഷരഹിത പച്ചക്കറിക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാനും പച്ചക്കറികളുടെ അമിത വിലയും ഒരു പരിധി വരെ പരിഹാരം കാണാൻ ഇതിലൂടെ സാധിക്കും.
വിതരണം ചെയ്തത് എട്ട് ലക്ഷം പച്ചക്കറി തെെകൾ
എട്ട് ലക്ഷം പച്ചക്കറി തെെകളും 50000 വിത്തുപായ്ക്കറ്റുകളുമാണ് 12 ബ്ലോക്കുകളിലെ കൃഷി ഭവനുകൾ വഴി സൗജന്യമായി കർഷകർക്ക് ലഭ്യമാക്കിയത്. കൃഷി വകുപ്പ് ഫാമുകളിൽ ഉത്പ്പാദിപ്പിച്ചതും വി.എഫ്.പി.സി.കെ ഉത്പാദിപ്പിച്ചതുമായ വിത്തുകളാണ് ഇവ. ഹൈബ്രീഡും ഉത്പ്പാദന ക്ഷമത കൂടിയതുമായ തെെകൾ കാർഷികകർമ സേനകൾ, കർഷകർ, തൈകൾ ഫാമുകൾ എന്നിവയിൽ നിന്നാണ് വാങ്ങിയത്.
വിത്തുപായ്ക്കിൽ
വെണ്ട, പച്ചമുളക്, തക്കാളി, പയർ, ചീര, പടവലം, കയ്പ, മത്തൻ, വഴുതന.
162 ഓണച്ചന്തകൾ
സെപ്തംബർ ഒന്ന് മുതൽ നാല് വരെ കൃഷി വകുപ്പ് 162 ഓണച്ചന്ത നടത്തും. 81 എണ്ണം കൃഷി വകുപ്പ് നേരിട്ടും 75 എണ്ണം ഹോർട്ടികോർപും ആറെണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോൻ കൗൺസിലുമാണ് (വി.എഫ്.പി.സി.കെ) നടത്തുക. കഴിയുന്നത്ര പച്ചക്കറികൾ ഇതുവഴി ലഭ്യമാക്കാനാണ് ലക്ഷ്യം. 43 മെട്രിക് ടൺ പച്ചക്കറികൾ കർഷകരിൽ നിന്ന് 87 മെട്രിക് ടൺ ഹോർട്ടികോർപ്പിൽ നിന്ന് സംഭരിക്കും. കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ ഓണച്ചന്തകളിൽ വിൽക്കാം. കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികൾ വിപണിയിലെ വിലയെക്കാൾ 10ശതമാനം അധികം നൽകിയാണ് സംഭരിക്കുക. വിപണിവിലയെക്കാൾ 30ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യും. ഇതോടൊപ്പം കൃഷിവകുപ്പിന്റെ ‘കേരൾ അഗ്രോ’ ബ്രാൻഡിൽ ഇറങ്ങുന്ന 1.076 മെട്രിക് ടൺ രക്തശാലി അരിയും ഓണച്ചന്തകളിലൂടെ ലഭ്യമാകും.
''പച്ചക്കറി ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം സുരക്ഷിത പച്ചക്കറികളുടെ ഉത്‌പാദനവും ലക്ഷ്യമിട്ടാണ് കൃഷി വകുപ്പ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. കർഷകർക്ക് മികച്ച വില ലഭ്യമാക്കാനായി ഓണച്ചന്തകൾ ആരംഭിക്കുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്''- അബ്ദുൾ മജീദ്- കൃഷി ഓഫീസർ കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |