വൈത്തിരി: താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞു, ലോറിയുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന എട്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് തകർന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറി ആറാം വളവിന് സമീപം നിയന്ത്രണംവിട്ട് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഇതോടെ ലോറിയുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചു. മൂന്ന് കാറുകൾ, രണ്ട് ഓട്ടോറിക്ഷ, ഒരു ബൈക്ക് തുടങ്ങിയ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ താമരശേരി, മുക്കം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 11 പേർക്കാണ് അപകടത്തിൽ പരിക്ക്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ യാത്രക്കാർ രക്ഷാപ്രവർത്തനം തുടങ്ങിരുന്നു. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി. വിവിധ വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന വരെ സന്നദ്ധ പ്രവർത്തകരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ലോറി ഡ്രൈവറും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് നീക്കി ആറരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |