കോഴിക്കോട്: പൊന്നോണമെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരമെങ്ങും ഓണം മൂഡ്. ആഘോഷങ്ങൾക്ക് നിറപകിട്ടേകാൻ ജില്ലയിലെങ്ങും ഓണച്ചന്തകളും ആരംഭിച്ചു. സപ്ളൈകോ, കൺസ്യൂമർഫെഡ്, ഖാദി എന്നിവിടെ വമ്പന്‍ ഓഫറുകളിലും വിലക്കുറവിലും സമ്മാനങ്ങളുമായാണ് നിത്യോപയോഗ സാധനങ്ങൾ സ്റ്റാളുകളിലൂടെ ലഭ്യമാക്കുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ ചന്തകളിൽ ലഭ്യമാണ്. വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുമായി പലയിടങ്ങളിലും കുടുംബശ്രീ ഓണച്ചന്തകളും ആരംഭിച്ചു. മുതലക്കുളം മെെതാനിയിൽ കുടുംബശ്രീ ജില്ലാ തല ഓണച്ചന്ത 30 നും കൃഷിവകുപ്പിന്റെ ചന്തകൾ ഒന്നിനുമെത്തും.
ഓണം ഖാദി മേളകളും സജീവം
മിഠായിത്തെരുവ് ഖാദി എംപോറിയത്തിലെ ഓണം ഖാദി മേളയില്‍ 30ശതമാനം ഗവ.റിബേറ്റ് ഉണ്ട്. ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഓണം കൈത്തറി മേള തുടങ്ങി. സംസ്ഥാനത്തെയും ഇതരസംസ്ഥാനങ്ങളിലെയും കൈത്തറി സംഘങ്ങൾ, ഹാന്റക്‌സ്, ഹാൻവീവ്, ഹാൻഡിക്രാഫ്‌റ്റ് സംഘങ്ങൾ എന്നിവരുടെ 28 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.
വിലക്കുറവുമായി സപ്ലൈകോയും കൺസ്യൂമർ ഫെഡും
കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾക്കും തുടക്കമായി. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് നൽകുന്നത്. സ്റ്റേഡിയം ജംഗ്ഷന് സമീപത്താണ് ജില്ലാതല ഓണം ഫെയർ. താലൂക്ക് തലം, നിയമസഭാമണ്ഡലം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഫെയറുകൾ 31 മുതൽ ആരംഭിക്കും. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന 13 ഇനങ്ങൾക്ക് പുറമെ 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ചന്തകളിലുണ്ട്. സമ്മാനം നൽകാനാഗ്രഹിക്കുന്നവർക്കായി ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 2500 രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കായി ലക്കിഡ്രോയും നടത്തുന്നുണ്ട്. വെളിച്ചെണ്ണയ്ക്കും വിലക്കുറവുണ്ട്.
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള സഹകരണ ഓണചന്ത ബാങ്ക് റോഡില്‍ ഹോളിഡേ സിറ്റി സെന്റര്‍ ബില്‍ഡിഗിലാണ് (കുരിശ് പള്ളിക്ക് എതിര്‍വശം) ആരംഭിച്ചത്.
കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാതല ഓണച്ചന്തയിൽ ഒരു ദിവസം 100 പേർക്ക് സാധനങ്ങൾ ലഭ്യമാക്കും. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണ സംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ. ഇവ സെപ്തംബർ നാല് വരെയുണ്ടാകും. 13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും ലഭ്യമാകും. ഒപ്പം നോൺ-സബ്സിഡി ഇനങ്ങളുമുണ്ടാകും. പ്രാദേശിക ചന്തകളിൽ ഒരു ദിവസം 75 പേർക്കാണ് സാധനങ്ങൾ ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻകാർഡ് മുഖേനെ നിയന്ത്രണവിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
ഓണം മാവേലി യാത്രയ്ക്ക് തുടക്കം
യാത്ര ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ
കോഴിക്കോട്: ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്ളാഗ് ഒഫ് കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് നിര്‍വഹിച്ചു. എല്ലാ ഓണാഘോഷ പരിപാടികളിലും ഹരിതചട്ടം പാലിക്കുന്നതിന്റെ അവബോധം സൃഷ്ടിക്കാനാണ് യാത്ര സംഘടിപ്പിക്കുന്നത്. 'വൃത്തിയുടെ ചക്രവര്‍ത്തി'യെന്ന മുദ്രാവാക്യത്തോടെയുള്ള ക്യാമ്പയിന്റെ അഞ്ചുദിവസത്തെ വാഹനയാത്രയ്ക്കാണ് സിവില്‍ സ്റ്റേഷനില്‍ നിന്ന് തുടക്കമായത്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുപയോഗിച്ച് ഹരിതചട്ടം പാലിച്ച് പരിപാടികള്‍ നടത്താനും പൊതുജനങ്ങള്‍ക്കിടയില്‍ ഹരിത പ്രോട്ടോകോള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ മാവേലി ജില്ലയിലുടനീളം സഞ്ചരിച്ച് ബോധവത്കരണം നടത്തും. സ്കൂള്‍, കോളേജ്, മാര്‍ക്കറ്റുകള്‍, പഞ്ചായത്തുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കും. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ ബൈജു, ശുചിത്വ മിഷന് അസി. കോ ഓര്‍ഡിനേറ്റര്‍ സി.കെ സരിത്ത്, പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ.പി രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |