കോഴിക്കോട്: ഓണം കഴിഞ്ഞ് അങ്കണവാടികളിൽ രുചിയും മണവുമുള്ള 'ബിർണാണി' വിളമ്പിത്തുടങ്ങും. ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരം ഭക്ഷണം തയ്യാറാക്കാൻ വനിതാ ശിശു വികസന വകുപ്പ് പരിശീലനം ആരംഭിച്ചു. മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള പരിശീലനമാണ് ഇന്നലെ വെള്ളയിൽ നടത്തിയത്. ജില്ലയിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാർക്കും ഒരോ അങ്കണവാടികളിലേയും ഹെൽപ്പർമാരും ഉൾപ്പെടെ 42 പേർക്കാണ് പരിശീലനം നൽകിയത്. ചെെൽഡ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർമാർക്കും (സി.ഡി.പി.ഒ) അങ്കണവാടി വർക്കർമാർക്കും ഇന്ന് പരിശലനം നൽകും. 84 പേർക്കാണ് മൊത്തത്തിൽ പരിശീലനം നൽകുക. ഇതിന് ശേഷം പുതുക്കിയ മെനു സെപ്തംബർ എട്ട് മുതൽ പ്രാബല്യത്തിൽ വരും. പരിശീലന പരിപാടി വനിതാശിശു വികസന വകുപ്പ് ഓഫീസർ സബീന ബീഗം ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് ഓഫീസർ അനിത കുമാരി അദ്ധ്യക്ഷത വഹിച്ചു.
ആഴ്ചയിൽ മൂന്ന് ദിവസം
പുതുക്കിയ മെനുവനുസരിച്ച് ആഴ്ചയിൽ മൂന്ന് ദിവസമാണ് മുട്ടകൊണ്ടുള്ള വിഭവങ്ങൾ നൽകുക. മുട്ട ബിരിയാണി, പുലാവ്, മുട്ട ഓംലെെറ്റ് എന്നിങ്ങനെയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ നൽകുക. വൈവിദ്ധ്യമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ജൂണിൽ മെനു പരിഷ്കരിച്ചെങ്കിലും മൂന്ന് മാസമായി നടപ്പിലായിരുന്നില്ല. അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി 'ബിർണാണി" വേണമെന്ന് നാല് വയസുകാരൻ ശങ്കു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം രുചികരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ ജൂണിൽ മന്ത്രി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. പാല്‍, പിടി, കൊഴുക്കട്ട / ഇലയട, വിവിധ തരത്തിലുള്ള പായസങ്ങൾ, ഫ്രൂട്ട് കപ്പ്, സോയ ഡ്രൈ ഫ്രൈ, മുളപ്പിച്ച ചെറുപയര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |