കോഴിക്കോട്: ഇനി പത്തൊൻപത് ദിവസങ്ങൾ കൂടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. ജില്ലയിൽ ആകെ 9977 പത്രികകളാണ് ലഭിച്ചത്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ ഇനി പോരാട്ടച്ചൂടിന്റെ ദിനങ്ങൾ. ജയം നിലനിർത്താൻ എൽ.ഡി.എഫും കൈവിട്ടുപോയ ജില്ല തിരിച്ചു പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുമ്പോൾ സാന്നിദ്ധ്യം അറിയിക്കാൻ എൻ.ഡി.എയും പരിശ്രമത്തിലാണ്. കോർപറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകൻ വി.എം.വിനു വോട്ടർപട്ടികയിൽ ഇടം നേടാതെ പോയത് യു.ഡി.എഫിനേറ്റ അടിയായിരുന്നു. കല്ലായി വാർഡിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ ഡി.സി.സി നേതൃത്വം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് ക്ഷീണം തീർത്തത്. സീറ്റിനെ ചൊല്ലി ലീഗിലും അസ്വാരസ്യങ്ങൾ ഉണ്ടായങ്കെിലും 25 സീറ്റിലും മുസ്‌ലിം ലീഗിന് സ്ഥാനാർത്ഥികളായി. കോർപറേഷൻ 76 ഡിവിഷനിലേക്ക് 49 സീറ്റുകളിലേക്ക് കോൺഗ്രസും സി.എം.പി രണ്ട് സീറ്റുകളിലേക്കുമാണ് മത്സരിക്കുന്നത്. 57 സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.ഐ 5 സീറ്റിലും ആർ. ജെ.ഡി 5 സീറ്റിലും എൻ.സി.പി 3 സീറ്റിലും ജനതാദൾ എസ് - രണ്ടും ഐ.എൻ.എൽ, കേരള കോൺഗ്രസ്, നാഷണൽ ലീഗ്, കോൺഗ്രസ് എസ്. എന്നീ പാർട്ടികൾ ഒന്ന് വീതം സീറ്റുകളിലും മത്സരിക്കും. ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെത്തുടർന്ന് മൂന്നാലിങ്കലിൽ നിലവിലെ ലീഗ് കൗൺസിലറായ കെ.റംലത്ത് പാർട്ടി വിട്ടിരുന്നു. രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ചേർന്ന റംലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായായാണ് മത്സരിക്കുക. നേരത്തെ ഇവിടെ ആർ.ജെ.ഡി നേതാവ് തോമസ് മാത്യുവിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. കെ.റംലത്ത് വന്നതോടെ തോമസ് പിൻമാറുകയും റംലത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. എൻ.ഡി.എയിൽ 74 സീറ്റിൽ ബി.ജെ.പിയും ഓരോ സീറ്റ് വീതം നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), ബി.ഡി.ജെ.എസ് എന്നിവരാണ് മത്സരിക്കുന്നത്.
ജില്ലാ പഞ്ചായത്തിലും സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു കഴിഞ്ഞു. 28 ഡിവിഷനിൽ പതിനാറു ഡിവിഷനിലും സി.പി.എം മത്സരിക്കും. സി.പി.ഐയും ആർ.ജെ.ഡിയും നാലു സീറ്റിലും എൻ.സി.പി, കേരള കോൺഗ്രസ്(എം), ജനതാദൾ എസ്, ഐ.എൻ.എൽ എന്നിവർ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ 14 ഡിവിഷനിൽ കോൺഗ്രസും 11 ഡിവിഷനിൽ മുസ്‌ലിം ലീഗും ഓരോ ഡിവിഷനിൽ വീതം സി.എം.പിയും കേരള കോൺഗ്രസും ആർ.എം.പിയും മത്സരിക്കും. എൻ.ഡി.എയിൽ 27 സീറ്റിലേക്ക് ബി.ജെ.പിയും ഒരു സീറ്റിൽ ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്.
നാമനിർദ്ദേശ പത്രികസൂക്ഷ്മ പരിശോധന ഇന്ന്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24 വെെകീട്ട് മൂന്ന് മണി. റിട്ടേണിംഗ് ഓഫീസർ, സമർപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ നാമനിർദ്ദേശപത്രികകളും പരിശോധിക്കും. സൂക്ഷ്മപരിശോധനവേളയിൽ സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ്, നിർദ്ദേശകൻ, സ്ഥാനാർത്ഥി രേഖാ മൂലം ചുമതലപ്പെടുത്തിയ ഒരു വ്യക്തി എന്നിവർക്ക് ഹാജരാകാം. നിയമാനുസൃതം സമർപ്പിക്കപ്പെട്ട പത്രികകൾ വരണാധികാരി സ്വീകരിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവ പട്ടികയിലുണ്ടാകും.
കോഴിക്കോട് ജില്ലയില്‍
9977 പേര് നാമനിര്‍ദ്ദേശ പത്രിക നല്കി
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 9,977 പേര്. ഇവരില്‍ 4,704 പേര് പുരുഷന്മാരും 5,273 പേര് സ്ത്രീകളുമാണ്. ഇത്രയും പേരില്‍ നിന്ന് 14,249 നാമനിര്‍ദ്ദേശ പത്രികകളാണ് വരണാധികാരികള്‍ക്ക് ലഭിച്ചത്. ഇന്നലെ മാത്രം 1,913 പുരുഷന്മാരും 1,862 സ്ത്രീകളും ഉൾപ്പെടെ 3,775 പേർ നാമം നിർദ്ദേശപത്രിക സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |