കോഴിക്കോട്: 2020 നേക്കാൾ സീറ്റുനില വർദ്ധിപ്പിച്ചും 17 ഇടങ്ങളിൽ രണ്ടാമതെത്തിയും കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പി കാഴ്ചവെച്ചത് കരുത്താർന്ന വിജയം. 2015ലും 2020 തിലും ഏഴ് സീറ്റുകളുണ്ടായിരുന്നത് 13 സീറ്റിലേക്ക് ഉയർത്തിയാണ് നില ഭദ്രമാക്കിയത്. കൂടാതെ 12 സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്തോട് ചേർന്ന് നിൽക്കുന്ന രണ്ടാം സ്ഥാനവും ഏഴു സ്ഥലത്ത് ആയിരത്തിന് മുകളിൽ വോട്ട് നേടി മൂന്നാം സ്ഥാനത്തുമാണ്. എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും മേയർ സ്ഥാനാർത്ഥികൾ ഒരു പോലെ തോൽവി നേരിടേണ്ടി വന്നപ്പോൾ ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥി നവ്യ ഹരിദാസ് മൂന്നാം തവണയും മിന്നും വിജയമാണ് നേടിയത്. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥികൾ ഉൾപ്പെടെ ജയിച്ചു വന്ന എൽ.ഡി.എഫിന്റെ തട്ടകമായ പൊറ്റമ്മൽ വാർഡ് ടി രനീഷിലൂടെ എൻ.ഡി.എ പിടിച്ചെടുത്തത് വൻ നേട്ടമായി. യു.ഡി.എഫ് തട്ടകമായ ചാലപ്പുറത്തും എൻ.ഡി.എ കരുത്ത് തെളിയിച്ചു. 734 വോട്ടിനാണ് ചാലപ്പുറം വാർഡ് എൻ.ഡി.എ സ്ഥാനാർഥി കെ.പി. അനിൽ കുമാർ പിടിച്ചെടുത്തത്. ചേവരമ്പലം സിറ്റിംഗ് സീറ്റിൽ ഇത്തവണയും മത്സരിച്ച സരിത പറയേരി 1064 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു കയറിയത്. നേരത്തേ ഭരിച്ചിരുന്ന ചക്കോരത്തുകുളം, കാരപ്പറമ്പ്, ചേവരമ്പലം, അത്താണിക്കൽ, ഈസ്റ്റ്ഹിൽ, മീഞ്ചന്ത, പുതിയറ ഡിവിഷനുകളിൽ അത്താണിക്കലും ഈസ്റ്റ്‌ഹില്ലും
മീഞ്ചന്തയും കെെവിട്ടു പോയെങ്കിലും എൽ.ഡി.എഫ്, യു.ഡി.എഫ് കുത്തകയായിരുന്ന പാറോപ്പടി, സിവിൽ സ്റ്റേഷൻ, കുറ്രിയിൽ താഴം, പൊറ്റമ്മൽ, പന്നിയങ്കര, ബേപ്പൂർ, ചാലപ്പുറം, മാവൂർ റോഡ്, തുരുത്തിയാട് തുടങ്ങി നഗര ഹൃദയത്തിലെ ഒൻപത് വാർഡുകൾ ബി.ജെ.പി ക്ക് പുതിയതായി നേടാനായി. തിരുത്തിയാടിൽ ബി.ജെ.പി അട്ടിമറി വിജയമാണ് നേടിയത്. കോൺഗ്രസ് കുത്തക വാർഡിൽ സി.പി.എം ഭരണം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ബി.ജെ.പി ഭരണത്തിലേറുന്നത്. 1171 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി ജിഷ ശബരീഷ് തിരുത്തിയാട് വാർഡ് പിടിച്ചെടുത്തത്.
എൻ.ഡി.എയിൽ നിന്ന് മത്സരിച്ച കൗൺസിലർമാരിൽ റെനീഷ് (പൊറ്റമ്മൽ), നവ്യഹരിദാസ് (കാരപ്പറമ്പ്), സരിത പറയേരി (ചേവരമ്പലം), ശിവപ്രസാദ് (ചക്കോരത്ത്കുളം) എന്നിവർ വിജയിച്ചപ്പോൾ രമ്യസുരേഷ് (തിരുവണ്ണൂർ) മാത്രമാണ് തോറ്റത്.
ബൈക്ക് റാലി നടത്തി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ നേടിയ മുന്നേറ്റത്തിന്റെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ബൈക്ക് റാലി നടത്തി. നിയുക്ത കൗൺസിലർമാരോടൊപ്പമായിരുന്നു റാലി. ചക്കോരത്തുകുളത്തിൽ നിന്ന് ആരംഭിച്ച റാലി ബേപ്പൂരിൽ സമാപിച്ചു.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.പി പ്രകാശ് ബാബു, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം കെ.പി ശ്രീശൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ, എം. സുരേഷ്, കെ.സി വത്സരാജ്, പി.കെ ഗണേശൻ, ഇ. പ്രശാന്ത്കുമാർ, കെ.ടി വിപിൻ, എം. ജഗന്നാഥൻ, അഡ്വ. സബിത വിനയ്, സി.പി വിജയകൃഷ്ണൻ, എൻ.പി രാധാകൃഷ്ണൻ, തിരുവണ്ണൂർ ബാലകൃഷ്ണൻ, ബി.കെ പ്രേമൻ, രമണി ഭായ്, പ്രവീൺ തളിയിൽ, പി.എം ശ്യാംപ്രസാദ്, കെ. ജിതിൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |