SignIn
Kerala Kaumudi Online
Thursday, 19 February 2026 4.52 AM IST

എക്സൈസിന്റെ ആക്ഷനിൽ കുടുങ്ങി ആക്ഷൻ ഹീറോ ബിജു താരം

Increase Font Size Decrease Font Size Print Page

action

എറണാകുളത്തെ അപ്പാർട്ട്മെന്റിൽ നിന്ന് 52.7 ലിറ്റർ വിദേശമദ്യവുമായി അറസ്റ്റിൽ

കൊച്ചി: രാസലഹരി പിടികൂടാൻ കൊച്ചി നഗരത്തിലെ അപ്പാർട്ട്മെന്റിൽ റെയ്ഡിനെത്തിയ എക്സൈസ് 52.7 ലിറ്റർ വിദേശമദ്യവുമായി മലയാളം സിനിമയിലെ ജൂ‌നിയർ ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു. നിവിൻ പോളിയുടെ ‘ആക്ഷൻ ഹീറോ ബിജു’വിലുൾപ്പെടെ സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ച മലപ്പുറം തിരൂർ വെള്ളാഞ്ചേരി വീട്ടിൽ ഷെഫീഖാണ് (32) പിടിയിലായത്. 82 ബോട്ടിൽ വിദേശമദ്യം താമസസ്ഥലത്തും കാറിൽനിന്നുമായി പിടിച്ചെടുത്തു.

നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം എസ്.ആർ.എം റോഡിലെ അപ്പാർട്ട്മെന്റിൽ എം.ഡി.എം.എയുമായി യുവാവ് തങ്ങുന്നെന്ന വിവരത്തെ തുടർന്നാണ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയത്. അലമാരകളിലാണ് റം, വിസ്കി, വോഡ്ക ഉൾപ്പെടെ 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം 28 കുപ്പികളിൽ ഒളിപ്പിച്ചിരുന്നത്. ഷെഫീഖിന്റെ രണ്ട് കാറുകളിലെ ഡിക്കിയിൽ നിന്ന് 58 ബോട്ടിലുകളിലായി 37.7 ലിറ്റർ ബിയറും പിടിച്ചെടുത്തു. അപ്രതീക്ഷിതമായി എക്സൈസ് സംഘത്തെ കണ്ട ഷെഫീഖ് ഓടിയിറങ്ങാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞു. സംഭവദിവസമാണ് താമസിക്കാൻ എത്തിയതെന്ന് അപ്പാർട്ട്മെന്റ് ഉടമ മൊഴി നൽകി.

‘അൽകുവിന്റെ’ മദ്യവിതരണം രാത്രി മാത്രം

അൽകു എന്ന ഇരട്ടപ്പേരിലാണ് ഷെഫീഖിന്റെ മദ്യവിതരണം. രാത്രി 12 മുതൽ വിതരണം തുടങ്ങും. ഇടപാടുകൾ ഓൺലൈനിലാണ്. ആവശ്യക്കാർക്ക് പറയുന്നിടത്ത് വാഹനങ്ങളിൽ എത്തിച്ച് നൽകും. ഇടപാടുകാരിൽ സിനിമാരംഗത്തുള്ളവർ മാത്രമല്ല, അഭിഭാഷകരും ഡോക്ടർമാരുമുണ്ട്. നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് പകലാണ് മദ്യം ശേഖരിക്കുന്നത്. രണ്ടിരട്ടിയിലേറെ വില ഈടാക്കുമെന്ന് എക്സൈസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആർക്കും സംശയം തോന്നാതിരിക്കാൻ അടിക്കടി താമസം മാറ്റുന്നു. മുമ്പ് നോർത്ത് ലിസി ആശുപത്രിക്ക് സമീപമായിരുന്നു താമസം. മദ്യവിതരണം തുടങ്ങിയിട്ട് ആറുമാസമായെന്നാണ് ഷെഫീഖ് പറയുന്നതെങ്കിലും നാല് വർഷമായിട്ടുണ്ടെന്നാണ് എക്സൈസിന്റെ അനുമാനം. ആദ്യമായാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.

അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അനീഷ് കെ. ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജി. അമൽദേവ്, ജിബിനാസ്, വി.എച്ച്. പ്രവീൺ കുമാർ,​ എസ്. കനക എന്നിവരും ഉൾപ്പെടുന്നു.

TAGS: LOCAL NEWS, ERNAKULAM, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY