സ്ഥാനാർത്ഥിയെ നിറുത്താൻ കോൺഗ്രസ്
എൽ.ഡി.എഫ് പരിഗണനയിൽ ജയശ്രീ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ എൽ.ഡി.എഫ് കൂടുതൽ സീറ്റുകൾ നേടിയെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണം എളുപ്പമാകില്ല. മേയർ തിരഞ്ഞെടുപ്പു മുതൽ അനിശ്ചിതത്വവും പ്രതിസന്ധിയും തുടങ്ങാനാണ് സാദ്ധ്യത. മേയർ സ്ഥാനാർത്ഥിയെ നിറുത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുമുണ്ട്. മേയറെ തിരഞ്ഞെടുക്കാൻ 38 വോട്ട് വേണം. 35 സീറ്റുകൾ നേടിയ എൽ.ഡി.എഫിന് അത്ര വോട്ടുകളേയുള്ളൂ. വിജയിക്കണമെങ്കിൽ 28 സീറ്റുകൾ ലഭിച്ച യു.ഡി.എഫോ 13 സീറ്റുകൾ നേടിയ എൻ.ഡി.എയോ സഹകരിക്കണം. അതിന് സാദ്ധ്യതയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തിരിച്ചടി ഭയന്ന് മുന്നണികൾ കെെ കോർക്കാനിടയില്ലെന്നാണ് വിവരം. ബി.ജെ.പിയെ അകറ്റി നിറുത്തുകയെന്ന നിലപാടിൽ എൽ.ഡി.എഫും യു.ഡി.എഫും ഉറച്ചുനിൽക്കും. വർഗീയ കക്ഷികളുമായി യു.ഡി.എഫിന് ബന്ധമുണ്ടെന്ന് എൽ.ഡി.എഫ് ആരോപണമുള്ളതിനാൽ യു.ഡി.എഫുമായും അവർ സഹകരിക്കില്ല. എൽ.ഡി.എഫ് നിലപാടുകളോട് യു.ഡി.എഫിനും യോജിപ്പില്ല. മേയർ തിരഞ്ഞെടുപ്പു മുതൽ മുന്നണികൾ തമ്മിലുള്ള പോരിന് കളമൊരുങ്ങുമെന്ന് സാരം. കൂടുതൽ സീറ്റുകൾ നേടിയതിനാൽ എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും സ്റ്റാൻഡിംഗ് കമ്മിറ്റികളിലും കൂടുതൽ പ്രാതിനിദ്ധ്യമുണ്ടാകും. ഇതും അവരുടെ ശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
അവിശ്വാസം ഉടനുണ്ടാകില്ല
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ എൽ.ഡി.എഫിനെതിരെ ഉടൻ അവിശ്വാസം കൊണ്ടുവരാനിടയില്ല. ഭരണസമിതി അധികാരമേറ്റ് ആറ് മാസം കഴിയണമെന്ന സാങ്കേതികതയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലാകും ഇനി മുന്നണികളുടെ ശ്രദ്ധ. അതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചാകും അവിശ്വാസം കൊണ്ടുവരുന്നത്. അപ്പോഴും ബി.ജെ.പി പിന്തുണയില്ലാതെ വിജയിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകാം.
മേയർ സ്ഥാനത്തേക്ക് മത്സരിക്കും
കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് മത്സരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് കെ.പ്രവീൺകുമാർ. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പോകുകയാണെന്ന വാർത്ത കണ്ടു. അവർക്ക് അതിനുള്ള ഭൂരിപക്ഷമുണ്ടോയെന്നും ഡി.സി.സി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയുടെ പിന്തുണ യു.ഡി.എഫ് സ്വീകരിക്കില്ലെന്നും എന്നാൽ ബി.ജെ.പിക്കാർ സ്വമേധയാ പിന്തുണ നൽകിയാൽ അത് സ്വീകരിക്കുമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറുമാരെയും ബുധനാഴ്ച പ്രഖ്യാപിക്കും. ഇന്ന് യു.ഡി.എഫിന് ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി നേതാക്കളെ ഡി.സി.സിയിലേക്ക് വിളിച്ചു വരുത്തും. അതിന് ശേഷം സമവായത്തിലൂടെയാവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെയും മുൻസിപ്പാലിറ്റി അദ്ധ്യക്ഷൻമാരെയും പ്രഖ്യാപിക്കുക.
യു.ഡി.എഫ് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.എം നിയാസിൻറെ തോൽവി പാർട്ടി പരിശോധിക്കും. മുതിർന്ന നേതാക്കളായ മഠത്തിൽ നാണു മാഷിനെയും ടി.കെ രാജേന്ദ്രനെയും തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ചതായി ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. പാറോപ്പടി ഡിവിഷനിൽ ബി.ജെ.പി - സി.പി.എം കൂട്ടുകെട്ടുണ്ടായിട്ടുണ്ടെന്ന പി.എം നിയാസിൻറെ പ്രസ്താവന ഗൗരവതരമാണ്. വടകര, മുക്കം നഗരസഭകളിലും കാരശ്ശേരി, അത്തോളി പഞ്ചായത്തുകളിലെയും വീഴ്ച പാർട്ടി പരിശോധിക്കും.
തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാത്ത ഭാരവാഹികളെ സ്ഥാനത്തു നിന്ന് മാറ്റും. സാമൂഹ്യമാദ്ധ്യമങ്ങളിൽ പാർട്ടിക്കെതിരെ പോസ്റ്റിട്ടവരോട് വിശദീകരണം ചോദിക്കും. തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഡി.സി.സി അദ്ധ്യക്ഷൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് സി.പി.എം ഏറാമല പഞ്ചായത്തിൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. കോൺഗ്രസ് വാർഡ് കമ്മിറ്റി ഓഫീസും ഇന്ദിരാ സ്തൂപവും അക്രമിക്കപ്പെട്ടു. പൊലീസിൻറെ സാന്നിദ്ധ്യത്തിലാണ് അക്രമങ്ങളെല്ലാം നടന്നത്. ഇത് തുടർന്നാൽ സി.പി.എമ്മിന് ബംഗാളിലെ ഗതിവരുമെന്നും പ്രവീൺകുമാറും മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് എം.എ റസാഖും പറഞ്ഞു.
പരിഗണനയിൽ ജനകീയ മുഖം
സ്വന്തം ലേഖിക
കോഴിക്കോട്: എൽ.ഡി.എഫ് അഭിമാനപൂർവും മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ച സി.പി മുസാഫർ അഹമ്മദിന് അടിപതറിയതോടെ കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫിനെ കാത്തിരിക്കുന്നത് മേയർ തലവേദന! ഇത്തവണ ജനറൽ മേയർ പദവി ജനറൽ കൂടിയായതിനാൽ ഏറ്റവും ജനകീയയമായ മുഖമാവും പരിഗണിക്കുക. നിലവിലെ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. ജയശ്രീ എസിന് നറുക്ക് വീഴാനാണ് സാദ്ധ്യത. കഴിഞ്ഞ തവണ ജയശ്രീയുടെ പേര് മേയർ സ്ഥാനത്തിലേക്ക് ഉയർന്നിരുന്നെങ്കിലും പൊറ്റമ്മൽ ഡിവിഷനിൽ നിന്ന് മത്സരിച്ച ബീന ഫിലിപ്പിനെ പരിഗണിക്കുകയായിരുന്നു. ഇക്കുറിയും കോട്ടൂളി ഡിവിഷനിൽ നിന്ന് 271 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 1602 വോട്ടുകൾ നേടിയാണ് ജയശ്രീ വിജയിച്ചത്.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എന്ന നിലയിൽ നടപ്പിലാക്കിയ പദ്ധതികളും വാർഡുകളിൽ ചെയ്ത വികസന പ്രവർത്തനങ്ങളുമാണ് ജയശ്രീയെ ജനപ്രിയ മുഖമാക്കി മാറ്റിയത്. ശുചിത്വസംസ്കാരമുള്ള നഗരമാക്കി കോഴിക്കോടിനെ മാറ്റാൻ അഴക് പദ്ധതി രൂപീകരിച്ച് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധ നേടുന്നതായിരുന്നു. പദ്ധതിയിലൂടെ ടൺ കണക്കിന് മാലിന്യം നീക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കുറി മത്സരരംഗത്തേക്ക് ഇല്ലെന്ന് ഉറപ്പിച്ചിരുന്ന ജയശ്രീ പാർട്ടിയുടെ നിർദ്ദേശത്തെത്തുടർന്നാണ് വീണ്ടും കളത്തിലിറങ്ങിയത്. കാര്യമായ പരാതികൾക്കിടയാക്കാതിരുന്നതിനാൽ പാർട്ടിക്കും ഒരു പോലെ സ്വീകാര്യമായ കൗൺസിലറും കൂടിയാണ് ഇവർ.
അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തമായ പ്രതിപക്ഷത്തെ നേരിടണമെങ്കിൽ അനുഭവസമ്പത്ത് ഏറെയുള്ള മേയർ സ്ഥാനാർത്ഥി വരണമെന്നതും ജയശ്രീയ്ക്ക് ഗുണകരമാകും. അതേ സമയം മുൻ ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി, എൽ.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ ഓ.സദാശിവൻ എന്നിവരുടെ മേയർ സാദ്ധ്യതയും തള്ളിക്കളാനാവില്ല. ഇത്തവണ നില മെച്ചപ്പെടുത്തിയ യു.ഡി.എഫും മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. മലാപ്പറമ്പിൽ നിന്ന് ജയിച്ച കെ.സി ശോഭിതയ്ക്കാണ് സാദ്ധ്യത. ഇടതിനുണ്ടായിരുന്ന ശക്തമായ ആധിപത്യം ഇക്കുറി നഷ്ടമായതോടെ ഭരണപ്രക്രിയയിലും എൽ.ഡി.എഫ് വിയർക്കും. കൗൺസിൽ തീരുമാനങ്ങളെടുക്കുമ്പോൾ മറ്റുമുന്നണികളുടെ അഭിപ്രായങ്ങളും മാനിക്കേണ്ടി വരും.
മേയർ സ്ഥാനാർത്ഥിയില്ല: മുസാഫർ
കോഴിക്കോട്: കോഴിക്കോട് എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നും താൻ മേയർ സ്ഥാനാർത്ഥിയായിരുന്നില്ലെന്നും സി.പി മുസാഫർ അഹമ്മദ്. ആര് മേയറാകുമെന്ന് നേരത്തെ തീരുമാനിക്കുന്ന രീതി എൽ.ഡി.എഫിൽ ഇല്ലെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മേയറെ തീരുമാനിക്കുക. തോൽവി പരിശോധിക്കും. പോരായ്മകൾ കണ്ടെത്തി പരിഹരിക്കും.
ഭരണവിരുദ്ധ വികാരമുണ്ടോയെന്ന് പറയാൻ താൻ ആളല്ല. തിരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ ജില്ലാ- സംസ്ഥാന നേതൃത്വം പരിശോധിക്കും. പോരായ്മകൾ പരിഹരിച്ച് മാറ്റങ്ങളും തിരുത്തലുകളും വരുത്തുമെന്നും മുസാഫർ അഹമ്മദ് പറഞ്ഞു. കോഴിക്കോട് കോർപറേഷനിൽ സി.പി.എമ്മിനെ ഞെട്ടിച്ച തോൽവിയായിരുന്ന നിലവിൽ ഡെപ്യൂട്ടി മേയറായ മുസാഫർ അഹമ്മദിന്റേത്. കോർപ്പറേഷനിലെ 39ാം വാർഡായ മീഞ്ചന്തയിൽ നിന്നായിരുന്നു മുസാഫർ ജനവിധി തേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.കെ അബൂബക്കറാണ് ജയിച്ചത്. 270 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |