കോഴിക്കോട്: ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായ കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥികളായി മൂന്ന് പാർട്ടിക്കാരും വനിതകളെ നിർത്തുമെന്ന് സൂചന. സംവരണമല്ലാതിരുന്നിട്ടും മൂന്ന് മുന്നണികളും വനിതകളെ മേയറാകാൻ പരിഗണിക്കുന്നത് കൗതുകമാവുകയാണ്. 35 സീറ്റുകളുള്ള എൽ.ഡി.എഫിൻറെ മേയർ സ്ഥാനാർത്ഥിയെ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന ഡോ. കെ.ജയശ്രീയെയാണ് സി.പി.എം മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.രാജീവ്, ഒ.സദാശിവൻ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്. യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് കെ.പ്രവീൺകുമാർ അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന മലാപ്പറമ്പ് വാർഡിൽ നിന്നും ജയിച്ച കെ.ശോഭിതയെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. എൻ.ഡി.എയും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. പാർലമെൻററി കാര്യ പാർട്ടി ലീഡറും മഹിളാമോർച്ചാ സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസിനെയാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നാണ് സൂചന. സിറ്റി ജില്ലാ കോർകമ്മിറ്റി ചേർന്നാവും മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുക.
സെമിഫൈനൽ തൂത്തുവാരി ഫൈനലിലേക്ക് മാസ് എൻട്രിയെന്ന് യു.ഡി.എഫ്
തദ്ദേശതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിൻറെ സെമിഫൈനലായിരിക്കുമെന്നാണ് മൂന്ന് മുന്നണികളുടേയും പ്രധാന നേതാക്കൾ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. ഫലം വന്നപ്പോൾ ജില്ലയിലെ 13 അസംബ്ലി മണ്ഡലങ്ങളിൽ 10 എണ്ണത്തിലും യു.ഡി.എഫ് മുമ്പിലെത്തി. 2021ൽ വെറും രണ്ട് മണ്ഡലങ്ങൾ മാത്രം നേടിയ യു.ഡി.എഫ് ഇത്തവണ നടത്തിയ കുതിപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഞെട്ടിയിരിക്കുകയാണ്. അന്ന് 11 മണ്ഡലങ്ങളിൽ വിജയിച്ച ഇടതുപക്ഷത്തിൻറെ ലീഡ് ഇന്ന് മൂന്നായി ചുരുങ്ങി. ഏത് തരംഗത്തിലും എൽ.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കാറുള്ള ബാലുശ്ശേരിയിലും പേരാമ്പ്രയിലും യു.ഡി.എഫ് ലീഡ് നേടിയത് ഇടത് കേന്ദ്രങ്ങൾക്ക് ഇരുട്ടടിയായി. കോർപ്പറേഷനിൽ ഉജ്ജ്വലപ്രകടനം നടത്തിയെങ്കിലും വോട്ടിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ എൻ.ഡി.എക്കും സാധിച്ചില്ല. 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തദ്ദേശതിരഞ്ഞെപ്പിൻറെ അതേ ട്രെൻഡ് തന്നെ ആവർത്തിച്ചുവന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് തിരിച്ചുവരവിന് ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
യു.ഡി.എഫ്
മുന്നിലെത്തിയ അസംബ്ലിമണ്ഡലങ്ങൾ - ഭൂരിപക്ഷം
നാദാപുരം - 5365
കുറ്റ്യാടി - 4558
വടകര - 7994
പേരാമ്പ്ര - 10,923
കൊയിലാണ്ടി - 3924
ബാലുശ്ശേരി - 12,408
കൊടുവള്ളി - 20,417
കോഴിക്കോട് സൗത്ത് - 8192
കുന്ദമംഗലം - 12,685
തിരുവമ്പാടി - 24,197
എൽ.ഡി.എഫ്
മുന്നിലെത്തിയ അസംബ്ലി മണ്ഡലങ്ങൾ - ഭൂരിപക്ഷം
എലത്തൂർ - 5938
കോഴിക്കോട് നോർത്ത് - 5001
ബേപ്പൂർ - 1340
കോഴിക്കോട് നോർത്തിൽ ബി.ജെ.പി പ്രതീക്ഷ
ഒന്നാം സ്ഥാനത്തെത്തിയ ഇടതുപക്ഷവുമായി 15,000ൽ താഴെ മാത്രം വോട്ടിൻറെ വ്യത്യാസത്തിൽ മൂന്നാമതായ എൻ.ഡി.എക്ക് ജില്ലയിൽ ഏക പ്രതീക്ഷയുള്ള മണ്ഡലം കോഴിക്കോട് നോർത്താണ്. കരുത്തനായ സംസ്ഥാന നേതാവ് മത്സരിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എലത്തൂരിലും കുന്ദമംഗലത്തും മുപ്പതിനായിരത്തിന് മുകളിൽ വോട്ട് നേടാൻ എൻ.ഡി.എക്ക് സാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |