കടുവകളുടെ പ്രജനകാലം; മുന്നറിയിപ്പ് നൽകി ഉദ്യോഗസ്ഥർ
കണിയാമ്പറ്റ: പച്ചിലക്കാട് സമീപം പടിക്കംവയലിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. പ്രദേശത്തെ കാപ്പിത്തോട്ടം കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘം നടത്തിയ തെർമൽ ഡ്രോൺ പരിശോധനയില്‍ കടുവയുടെ ചിത്രം പതിഞ്ഞു.
പഠിക്കം വയൽ ഉന്നതിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ ബിനു ആണ് ഉന്നതിക്ക് സമീപം കടുവയെ കണ്ടത്. ഇയാൾ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാൽപ്പാടുകൾ പരിശോധിച്ച് കടുവയാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടയിൽ പ്രദേശവാസിയായ ഒരാളെ കാണാനില്ലെന്ന് വാർത്ത പരന്നത് ആശങ്കയ്ക്കിടയാക്കി. സമീപത്തെ സ്വകാര്യത്തോട്ടത്തിൽ ജോലി ചെയ്യുന്ന ബേബി എന്നയാളെയാണ് കാണാതായതെന്ന് വാർത്ത പരന്നത്. പിന്നീട് ഇയാളെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക്‌ശേഷം പ്രദേശത്ത് സ്വകാര്യത്തോട്ടത്തിലും കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
വിവിധ ആർ.ആർ.ടി സംഘങ്ങൾ, കമ്പളക്കാട്, പനമരം പൊലീസ് എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗനിർദ്ദേശപ്രകാരം നടപടികൾ തുടങ്ങി. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണം തുടരുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്. കടുവ വഴിതെറ്റിയെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കടുവയ്ക്ക് പരുക്കുകൾ ഉണ്ടെന്ന സംശയവും വനം വകുപ്പിന് ഉണ്ട്. സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ രാമന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കടുവകളുടെ പ്രജനകാലമായതിനാൽ തന്നെ കടുവകൾ ജനവാസമേഖലയിൽ ഇറങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ വനാതിർത്തിമേഖലകളിൽ വനം വകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |