തിരുവമ്പാടി: പഞ്ചായത്തില്‍ എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിലായതോടെ കോൺഗ്രസ് റിബലായി വിജയിച്ച ജിതിൻ പല്ലാട്ടിന്റെ നിലപാട് നിർണ്ണായകമായി. ഒമ്പത് വീതം സീറ്റുകളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചത്. ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക ജിതിന്റെ നിലപാടാകും. 19 വാര്‍ഡുകളാണ് തിരുവമ്പാടി പഞ്ചായത്തിലുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒമ്പതു വീതം സീറ്റുകളായത് ഇരു മുന്നണികൾക്കും തലവേദനയായി. ഈ സാഹചര്യത്തിലാണ് ജിതിന്റെ വിജയത്തിന് മാറ്റേറിയത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ നിന്നാണ് ജിതിന്‍ ജയിച്ചത്. ഇവിടെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടോമി കൊന്നക്കല്‍ ആയിരുന്നു. വാര്‍ഡില്‍ നിന്ന് 20 കിലോമീറ്ററോളം ദൂരത്ത് താമസിക്കുന്ന ടോമിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിർത്ത് പലരും രംഗത്തെത്തിയിരുന്നു. പ്രവർത്തകർക്കിടയിലും പ്രതിഷേധത്തിനിടയാക്കി. എന്നിട്ടും കോൺഗ്രസ് നേതൃത്വം തിരുത്താൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ജിതിൻ മത്സരിച്ചത്. പാർട്ടി ചിഹ്നം ലഭിക്കാത്തതിനെ തുടർന്ന് ടെലിവിഷന്‍ ചിഹ്നത്തിലാണ് മത്സരിച്ചത്. ഫലം പറത്തുവന്നപ്പോള്‍ 500ലധികം വോട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. ഇരു മുന്നണികളുടെയും പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്നും വോട്ടര്‍മാരുടെ താത്പര്യം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്നുമാണ് ജിതിൻ പറയുന്നത്.
ജിതിനെ തിരിച്ചെടുത്തേക്കും
നേതൃത്വത്തെ ധിക്കരിച്ചതിനെ തുടര്‍ന്ന് ജിതിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ജിതിനെ തിരിച്ചെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. തിരിച്ചെടുക്കണമെന്ന് ജിതിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. റിബലുകളായി മത്സരിച്ച മറ്റു പലരും പാർട്ടിയിൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും പ്രവീൺകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |