കോഴിക്കോട്: വീറും വാശിയുമോടെ കോർപ്പറേഷനിലേക്ക് പൊരുതി ജയിച്ചവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തളി മുഹമ്മദ് അബ്ദുറഹ്മാൻസാഹിബ് മെമ്മോറിയൽ ഹാളിൽ തിങ്ങി നിറഞ്ഞ ജന സാഗരത്തെ സാക്ഷിയാക്കി യു.ഡി.എഫിലെ മുതിർന്ന അംഗമായ മനക്കൽ ശശിക്ക് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മാങ്കാവ് ഡിവിഷൻ പ്രതിനിധിയായ ഇദ്ദേഹം ഈശ്വര നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. മറ്റംഗങ്ങൾക്ക് ഇദ്ദേഹം സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 76 അംഗ കൗൺസിലിൽ എൽ.ഡി.എഫ് കൗൺസിലർമാരായ 35 പേരും ദൃഢപ്രതിജ്ഞയാണെടുത്തത്. 28 പേരുള്ള യു.ഡി.എഫിൽ 11 പേർ ഈശ്വരനാമത്തിലും 16 പേർ അല്ലാഹുവിന്റെ നാമത്തിലും ഒരാൾ ദൃഢപ്രതിജ്ഞയുമെടുത്തു. 13 ബി.ജെ.പി കൗൺസലർമാരിൽ എട്ട് പേർ ഈശ്വരനാമത്തിലും മറ്റുള്ളവർ ദൈവനാമത്തിലും ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്തു. പാറോപ്പടി ബി.ജെ.പി കൗൺസിലർ ഹരീഷ് പൊറ്റങ്ങാടി സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധേയനായി. ശേഷം സത്യപ്രതിജ്ഞ രജിസ്റ്ററിൽ കൗൺസിലർമാർ ഒപ്പിട്ട് കോർപറേഷൻ സെക്രട്ടറി കെ.യു ബിനിയിൽ നിന്ന് പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി. ഒന്നര മണിക്കൂർ കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാക്കി. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും നേതാക്കളുമടക്കം നിറഞ്ഞ സദസുണ്ടായിരുന്നു. ഒന്ന് മുതൽ 76 വരെ എന്ന ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിഞ്ജക്ക് വിളിച്ചത്.
എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, എം.കെ. മുനീർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, മുൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ലീഗ് നേതാവ് കെ.എം ഷാജി തുടങ്ങിയവർ സംബന്ധിച്ചു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പങ്കെടുത്ത പ്രഥമ കൗൺസിൽ യോഗം പിന്നീട് മണക്കൽ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു. മേയർ തിരഞ്ഞെടുപ്പ് 26 ന് രാവിലെ 11 നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും.
ആവേശ വരവേൽപ്പ്
കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കഷ്ടിച്ച് ഭരണം നില നിറുത്തിയ ഇടതിനും മികച്ച മുന്നേറ്റമുണ്ടാക്കിയ യു.ഡി.എഫിനും ബി.ജെ.പി കൗൺസിലർമാർക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ജൂബിലി ഹാളിൽ നിറഞ്ഞ കൈയടിയോടെയാണ് ഓരോ മുന്നണികളുടേയും പ്രവർത്തകർ വരവേറ്റത്. കൗൺസിലിൽ ആദ്യമായെത്തിയവർക്കും മുൻപുണ്ടായിരുന്നവർക്കും മികച്ച സ്വീകരണം ലഭിച്ചു. മൂന്ന് മുന്നണികളിലേയും പ്രമുഖരായ നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നെങ്കിലും വൻ ഭൂരിപക്ഷമില്ലാതെ ഭരണമേറിയ എൽ.ഡി.എഫ് കൗൺസിലർമാരിൽ ചെറിയ നിരാശ പടർന്നിരുന്നു. മീഞ്ചന്തയിൽ ഇടതുപക്ഷ മേയർ സ്ഥാനർത്ഥിയും ഡെപ്യൂട്ടി മേയറും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായിരുന്ന സി.പി മുസാഫർ അഹമ്മദിനെ മലർത്തിയടിച്ച യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായ
കൗൺസിലർ എസ്.കെ അബൂബക്കറിനായിരുന്നു മികച്ച വരവേല്പ് ലഭിച്ചത്. സത്യപ്രതിജ്ഞ ചെയ്യനായി എസ്.കെയുടെ പേരുയർന്നപ്പോൾ സദസിൽ ആർപ്പ് വിളിയുയർന്നു. തന്റെ പോരാളിയായി മത്സരരംഗത്തുണ്ടായിരുന്ന സി.പി മുസാഫർഅടക്കമുള്ള നേതാക്കൾ ഓരോരുത്തരിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് വേദിയിലെത്തിയത്. അല്ലാഹുവിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തിറഞ്ചിയ എസ്.കെയ്ക്ക് കെെയടിയോടെയായിരുന്നു മടക്കം.
കഴിഞ്ഞ തവണ കോർപ്പറേഷനിലെ ഏറ്റവും വലിയ ഡിവിഷനായ കപ്പക്കലിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ച മുസാഫറിനെയാണ് എസ്.കെ അബൂബക്കൾ തോല്പിച്ചത്.
എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥി ഒ. സദാശിവനും മികച്ച നല്ല സ്വീകരണമായിരുന്നു. ഇടത് തട്ടകമായിരുന്ന പൊറ്റമ്മൽ പിടിച്ചെടുത്ത ബി.ജെ.പിയുടെ ടി രനിഷ്, കോൺഗ്രസ് മേയർ വി.എം വിനുവിന് പകരം കല്ലായിൽ മത്സരിച്ച കാളക്കണ്ടി ബൈജു, എൽ.ഡി.എഫിലെ മുൻ ഡെപ്യൂട്ടി കളക്ടർ അനിത കുമാരി, പുതുമുഖങ്ങളായ യു.ഡി.എഫ് കുറ്റിച്ചിറയിലെ ഫാത്തിമ താഹല്യ, ബി.ജെ.പി ബേപ്പൂരിൽ നിന്നുള്ള ഷിനു പിണ്ണാണത്ത് തുടങ്ങിയവർക്കും മികച്ച വരവേൽപ്പാണ് ലഭിച്ചത്.
ബി.ജെ.പിയിലെ പാറോപ്പടി ബിജെപി കൗൺസിലർ ഹരീഷ് പൊറ്റങ്ങാടി സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയത് കൗതുകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |