കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ ആവേശത്തിനും വീറിനും പൊലിമ ചോരാത്തവിധം പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കൂടിയിരുന്നവർക്കിടയിൽനിന്ന് ഉയർന്ന അഭിവാദ്യങ്ങളും ആരവങ്ങളും ചടങ്ങിന് ആവേശം പകർന്നു. ജില്ല പഞ്ചായത്ത് ഓഫിസിനരികിലെ ഭരണഘടന ചത്വരത്തിനു സമീപത്തൊരുക്കിയ പൊതുവേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചേളന്നൂർ ഡിവിഷനിൽനിന്ന് വിജയിച്ച മുതിർന്ന അംഗമായ കെ.പി. മുഹമ്മദൻസിന് ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് സത്യവാചകം ചൊല്ലികൊടുത്താണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. തുടർന്ന് കെ.പി. മുഹമ്മദൻസ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. അല്ലാഹുവിന്റെ നാമത്തിലാണ് മുഹമ്മദൻസ് സത്യപ്രതിജ്ഞ ചെയ്തത്. അഴിയൂരിൽനിന്നുള്ള ടി.കെ. സിബിയാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. നിലവിലെ അംഗമായ മൊകേരി ഡിവിഷനിലെ സി.എം.യശോദ ആറാമതായി ദൃഢപ്രതിജ്ഞയിൽ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണത്തെ ഭരണസമിതിയിലെ ഏക അംഗമാണ് സി.എം.യശോദ. ഇടതുപക്ഷ അംഗങ്ങളും യു.ഡി.എഫ് അംഗമായ ടി.കെ. സിബിയും ദൃഢപ്രതിജ്ഞ ചെയ്താണ് സ്ഥാനമേറ്റത്. കെ.കെ. നവാസ്, മുനീർ എരവത്ത്, റീമ കുന്നുമ്മൽ, പി.ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, ബൽക്കീസ് ടീച്ചർ എന്നിവർ അല്ലാഹുവിന്റെ നാമത്തിലും മറ്റുള്ളവർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. 28 അംഗങ്ങളുടെയും സത്യപ്രതിജഞ ചടങ്ങിനുശേഷം, പൊതു തിരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ യോഗം ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്നു. മുതിർന്ന അംഗമായ കെ.പി. മുഹമ്മദൻസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി ടി.അജേഷ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡൻഡ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം 27 ന് 10.30ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചക്ക് 2.30ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. യോഗത്തിനുശേഷം അംഗങ്ങളുടെ ഫോട്ടോ സെഷനും നടന്നു. എല്ലാ അംഗങ്ങളെയും ചേർത്തുപിടിച്ചുള്ള ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് യു.ഡി.എഫ് ജില്ല പ്രസിഡന്റ് സ്ഥാനാർത്ഥിയായ മില്ലി മോഹൻ കൊട്ടാരത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |