കോഴിക്കോട്: സംസ്ഥാനത്തെ ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ പദ്ധതിയിൽ കരാറുകാരുടെ കുടിശ്ശിക നൽകാൻ അനുവദിച്ച 5,000 കോടി രൂപ അനുവദിച്ചെങ്കിലും കരാറുകാർക്ക് കിട്ടിയില്ല. പണം ട്രഷറിയിലെത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും എന്നാൽ തുക വക മാറ്റിയെന്നാണ് സൂചനയെന്നും കരാറുകാർ പറഞ്ഞു. കുടിശ്ശിക തീർക്കാൻ നബാർഡിൽ നിന്നാണ് വാട്ടർ അതോറിറ്റി 5,000 കോടി വായ്പയെടുത്തത്. രണ്ട് വർഷത്തിലധികമായി കുടിശ്ശിക ലഭിക്കാത്തതിനാൽ കരാറുകാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ കുടിശ്ശിക തീർക്കുമെന്നും കരാറുകാർ കരുതിയിരുന്നു. തുകയ്ക്കായുള്ള കരാറുകാരുടെ കാത്തിരിപ്പിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഇറങ്ങിയ ഉത്തരവിൽ നേരത്തെ അനുവദിച്ച തുക കുറച്ചിട്ടുണ്ട്. 5,000 കോടി രൂപ 3,750 കോടിയായി കുറച്ചാണ് പുതിയ ഉത്തരവിറങ്ങിയത്. ഇതിന്റെ കാരണമെന്തെന്ന് ജൽജീവൻ പ്രൊജക്ട് അധികൃതർക്കുമറിയില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാകാം തുക വക മാറ്റിയതെന്നാണ് കരുതുന്നത്. 5,000 കോടി രൂപ ലഭിച്ചിരുന്നെങ്കിൽ കരാറുകാരുടെ നിലവിലുള്ള കുടിശ്ശിക തീർക്കാമായിരുന്നു. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളും പൂർത്തിയാക്കാമായിരുന്നു. 1,250 കോടി കുറഞ്ഞതോടെ കരാറുകാർക്ക് കിട്ടാനുള്ള മുഴുവൻ തുകയും കിട്ടാനിടയില്ല.
അനിശ്ചിതത്വം തുടരും
കുടിശ്ശികത്തുക ഇനിയെന്ന് കിട്ടുമെന്ന് അറിയാത്ത സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങും മുമ്പ് കിട്ടിയില്ലെങ്കിൽ വീണ്ടും വെെകും. തുക കിട്ടാതെ കരാറുകാർ പദ്ധതി പൂർത്തീകരിക്കില്ലെന്നാണ് വിവരം. അതോടെ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുന്നതും വെെകും. ഇത് ഗ്രാമീണ റോഡുകളിലെ യാത്ര ദുസഹമാക്കും.
കോഴിക്കോട് ജില്ലയിലെ കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക 1500 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |