SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.39 PM IST

താമരശ്ശേരി ചുരത്തിലെ ഉറക്കമില്ലാരാത്രികൾ....

kavadam
ട്രെയിലറുകൾ ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് വയനാട് കവാടത്തിലേക്കെത്തിയപ്പോൾ

കൽപ്പറ്റ : കഴിഞ്ഞ രാത്രി താമരശ്ശേരി ചുരത്തിലൂടെ രണ്ട് ഓവർ ഡയമൻഷണൽ മോഡുലാർ ഹൈഡ്രോളിക് ട്രെയിലറുകൾ ചുരം കയറി ലക്കിടിയിലെത്തിയപ്പോഴാണ് ഭരണകൂടം നിയന്ത്രിക്കുന്നവർക്ക് ശ്വാസം നേരെ വീണത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ ട്രെയിലറിന്റെ തല വയനാട് കവാടത്തിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരടക്കം നെടുവീർപ്പിട്ടു. ചുരം കയറുന്നതുവരെ ബഹിരാകാശത്തേക്ക് പേടകം അയച്ചത് പോലെയുളള നെഞ്ചിടിപ്പും ആകാംക്ഷയുമായിരുന്നു ഏവർക്കും. ചുരത്തിലെങ്ങാനും ട്രെയിലറുകൾ കുടുങ്ങിയാൽ കേൾക്കുന്ന പഴി ചെറുതൊന്നുമായിരിക്കില്ല. ക്രിസ്മസും പുതുവർഷവും കാരണം ഏറ്റവും കൂടുതൽ തിരക്കേറിയ ചുരം പാത ട്രെയിലറുകൾക്ക് കടന്ന് പോകാൻ അനുമതി നൽകിയത് തന്നെ കടുത്ത പ്രതിഷേധത്തിന് ഇട നൽകിയിരുന്നു. മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ചുരത്തിലെ എല്ലാ വളവുകളും ഭാരവാഹനങ്ങൾ അനായാസം പിന്നിട്ടു. പിന്നാലെ ചുരത്തിലെ ഗതാഗത നിയന്ത്രണവും പിൻവലിച്ചു. ആംബുലൻസുകൾ മാത്രം കടന്നുപോകാൻ അനുവദിച്ചാണ് ശ്രമകരമായ ദൗത്യം പൂർത്തിയാക്കിയത്.

വ്യാഴാഴ്ച രാത്രി 10.55 നാണ് അടിവാരത്ത് നിന്ന് കൂറ്റൻ ട്രെയിലറുകൾ ചുരം കയറ്റാനുള്ള ദൗത്യം ആരംഭിച്ചത്.
സർവസന്നാഹങ്ങളോടെയായിരുന്നു ദൗത്യം. അടിവാരത്തിന് സമീപം റോഡ് അരികിൽ നിർത്തിയിട്ട വാഹനം റോഡിലേക്ക്. മെല്ലെ ഉരുണ്ട് തുടങ്ങിയ വാഹനം ഒന്നാം വളവിൽ ചെറിയ യന്ത്ര തകരാറിനെ തുടർന്ന് 5 മിനിറ്റ് നിർത്തിയിടേണ്ടിവന്നു. അപ്പോഴാണ് ഭരണചക്രം തിരിക്കുന്നവരുടെ ഉളള് പാളിയത്. നേരിയ ആശങ്ക ഉടലെടുത്തുവെങ്കിലും വൈകാതെ വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞു. പിന്നീട് അതിവേഗം രണ്ടും മൂന്നും വളവുകൾ മറികടന്നു. വാഹനങ്ങൾ ചുരത്തിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിൽ ഒന്നായ നാലാം വളവിലേക്ക്.. ഭാര വാഹനങ്ങൾ ചുരം കയറുന്നത് കാണാനായി വലിയ ആൾക്കൂട്ടമാണ് ഈ ഭാഗത്ത് നിലയുറപ്പിച്ചത്.

ഏറ്റവും ആശങ്ക ഏഴാം വളവിന്റെ കാര്യത്തിലായിരുന്നു.. ഏഴാം വളവിൽ വാഹനങ്ങൾ എത്തിയപ്പോൾ വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ള രണ്ട് ആംബുലൻസുകൾക്ക് വഴിയൊരുക്കേണ്ടി വന്നു. തുടർന്ന് ഇവിടെ 15 മിനിറ്റ് നേരം നിർത്തിയിട്ടു. ആംബുലൻസുകൾ കടന്നുപോയതോടെ ദൗത്യം വീണ്ടും ആരംഭിച്ചു. തൊട്ടടുത്ത വീതി കുറഞ്ഞ എട്ടാംവളവും വാഹനങ്ങൾ ഈസിയായി മറികടന്നു. അതിനുശേഷം തകരപ്പാടിക്ക് സമീപം വീതി കുറഞ്ഞ ഭാഗത്തെ തള്ളി നിൽക്കുന്ന പാറ തടസമാകുമോ എന്ന ആശങ്കയായി. എന്നാൽ പാറയിൽ സ്പർശിക്കാതെ ഇരു വാഹനങ്ങളും മുന്നോട്ട് നീങ്ങി. ഇതിനിടെ ആറോളം ആംബുലൻസസുകളാണ് ചുരം വഴി കോഴിക്കോടേക്ക് കടന്നുപോയത്. അതിനുശേഷമാണ് വയനാട് കവാടം കടക്കുന്ന നിർണായക മുഹൂർത്തം. ഉയരക്കൂടുതലുള്ള യന്ത്രങ്ങളുടെ ഭാഗം കവാടത്തിൽ തട്ടുമോ എന്നതായിരുന്നു ആശങ്ക.. എന്നാൽ കവാടവും മറികടന്ന് ലക്ഷ്യസ്ഥാനത്തേക്ക് വാഹനങ്ങൾ നീങ്ങി. അതോടെ എല്ലാവർക്കും ശ്വാസം നേരെ വീണു. ഇന്നലെ പകൽ മുഴുവൻ ലക്കിടിയിൽ നിർത്തിയിട്ട ട്രെയിലറുകൾ രാത്രി പതിനൊന്ന് മണിയോടെ കേരള കർണാടക അതിർത്തിയിലേക്ക് പുറപ്പെട്ടു.

#
ഹെയർപിൻ വളവുകൾ ഓടിച്ചു കയറ്റി

സോമനാഥനും മുരുകനും

കൽപ്പറ്റ: വയനാട് ചുരത്തിന് ഒരു കോട്ടവും വരുത്താതെ കുറഞ്ഞ സമയത്തിനുള്ളിൽ ഭാരവാഹനങ്ങൾ
ചുരം കയറിയപ്പോൾ ശ്രദ്ധേയത് രണ്ട് വ്യക്തികളായിരുന്നു. കൂറ്റൻ യന്ത്രങ്ങൾ ഓടിച്ചു കയറ്റിയ ട്രെയിലറുകളുടെ ഡ്രൈവർമാരായ സോമനാഥനും (56) , മുരുകനും (51). കാറോടിക്കുന്ന ലാഘവത്തോടെയാണ് ഇവർ ഇരു വാഹനങ്ങളും വളവുകളിൽ ഓടിച്ചു കയറ്റിയത്. നേരത്തെ പറഞ്ഞ അതേ സമയത്തിനുള്ളിൽ ഇരുവരും രണ്ട് ട്രെയിലറുകൾ ചുരം കയറ്റി.
ചുരം കയറാനായി സെപ്തംബർ 10ന് ഇവർ ട്രെയിലറുകളുമായി അടിവാരത്തെത്തുമ്പോൾ അന്ന് വാഹനങ്ങൾ തടഞ്ഞവർക്ക് മുമ്പിൽ രണ്ടുപേരും തങ്ങൾ ചുരം ഓടിച്ചു കയറ്റുമെന്ന് ഉറപ്പു നൽകിയിരുന്നു.
രാജ്യത്തെ വിവിധ റോഡുകളിലെ ഇതിലും വലിയ വളവുകൾ മറികടന്നവരാണ് തങ്ങളെന്നും ഇവർ വ്യക്തമാക്കി. എന്നാൽ അന്ന് പലരും അത് വിശ്വസിച്ചില്ല. അവർക്കു മുന്നിൽ തങ്ങളുടെ മിടുക്ക് തെളിയുകയായിരുന്നു ഇരുവരും. യന്ത്രം ഇനി ഗുണ്ടൽപേട്ടയിൽ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.