കോഴിക്കോട് : സെപ്തംബർ 23ലെ ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ജില്ലയിലെ 23 സ്വത്തുവകകൾ കണ്ടുകെട്ടാൻ നോട്ടീസ്. കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയ 16 സ്വത്തുക്കളും ഇതിൽ ഉൾപ്പെടും. വീടുകൾ ഉൾപ്പെടെ വസ്തുവകകൾ റവന്യൂ റിക്കവറി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അളന്ന് തിട്ടപ്പെടുത്തി നോട്ടീസ് നൽകിയത്. ഇവ കണ്ടുകെട്ടുന്നതിനായി ലാൻഡ് റവന്യൂ കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായാണ് 23 സ്വത്ത് വകകൾ കണ്ടുകെട്ടുന്നത്. നഷ്ടപരിഹാര തുക അടയ്ക്കുന്നതിനായി 15 ദിവസം അനുവദിക്കും. പതിനഞ്ച് ദിവസത്തിനകം ഹർത്താലിലെ നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ വസ്തുവകകൾ സ്ഥിരമായി സർക്കാരിലേക്ക് ഏറ്റെടുക്കും.
ജില്ലയിൽ ഫറോക്ക് വാലഞ്ചേരി പറമ്പ് അമ്പലത്ത് വീട്ടിൽ അബ്ദുൾ ബഷീറിന്റെ പേരിലുള്ള രണ്ട് സ്ഥലം, കോഴിക്കോട് ഒളവണ്ണ മുള്ളൻകണ്ടി അൻവർ ഹുസൈൻ, കോഴിക്കോട് നെല്ലിക്കോട് കുളങ്ങര വീട് മീത്തൽ കൂമൻ കുറുമ്പയിൽ അബ്ദുൽ കബീർ, മാവൂർ തയ്യിൽ മുനീറിന്റെ പേരിലുള്ള മൂന്ന് സ്ഥലം, മാവൂർ പെരുവയൽ പൂവാട്ടുപറമ്പ് പുതുയോട്ടിൽ ഒറ്റയിൽ അഹമ്മദ് കുട്ടിയുടെ പേരിലുള്ള രണ്ട് സ്ഥലം, കോഴിക്കോട് കച്ചേരി വില്ലേജിലെ തിരുത്തിയിൽ നാലുകൂടി പറമ്പ് ഉസ്മാൻ, പടനിലം ആരാമ്പ്രം മാളിയേക്കൽ ഇസ്മായിൽ, തൃശ്ശൂർ പെരുമ്പിലാവിൽ യഹിയാ തങ്ങളുടെ കൊയിലാണ്ടി വില്ലേജിലെ സ്ഥലം, കാസർകോട് സ്വദേശി സി.ടി.സുലൈമാന്റെ പേരിലുള്ള ട്രസ്റ്റ്, പേരാമ്പ്ര മേഞ്ഞണ്യം കോവുപുറത്ത് മുഹമ്മദ് അഷ്രഫിന്റെ പേരിലുള്ള പേരാമ്പ്രയിലെ മൂന്ന് സ്ഥലം, വടകര അഴിയൂർ വില്ലേജിലെ കുനിയിൽ സമീർ, കൊടുവള്ളി രാരോത്ത് ചാലിൽ സുബൈർ, പടനിലം മാളിയേക്കൽ തറവട്ടത്ത് ടി എം ഇസ്മായിൽ എന്നിവരുടെ പേരിലുള്ള സ്ഥലങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യഹിയകോയ തങ്ങളുടെ കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻഡ് ലിങ്ക് റോഡിലെ ഡാലിയാ പ്ലാസ കെട്ടിടത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഇവിടെയുള്ള 42 മുറികൾ വിൽപ്പന നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ യഹിയ തങ്ങളുടെ പേരിലാണ്. ഹർത്താലിൽ വരുത്തിയ 5.2 കോടി രൂപയും 12 ശതമാനം പലിശയും അടയ്ക്കാത്തത് സംബന്ധിച്ചാണ് നോട്ടീസ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം മാനേജിംഗ് ഡയറക്ടറായ ഡാലിയ ബിൽഡേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 32 സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |