മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ച അപാകതകളും കുറവുകളും പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവഹണം നടത്തിയ മരാമത്ത് പ്രവൃത്തികളിൽ തെറ്റായതും ഉയർന്ന നിരക്കിലുള്ളതുമായ ഡാറ്റ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയത് വഴി ജില്ലാ പഞ്ചായത്തിന് 76.56 ലക്ഷം രൂപയുടെ അധികച്ചെലവ് ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം മുഖേന നിർവഹണം നടത്തിയ പ്രവൃത്തികളിൽ ഭൂരിഭാഗവും എസ്റ്റിമേറ്റിൽ 10 ശതമാനം മുതൽ 25.86 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് കരാറുകൾ ഏറ്റെടുത്തത്. എന്നാൽ അക്രഡിറ്റഡ് ഏജൻസി മുഖേന നിർവഹണം നടത്തിയ പ്രൊജക്ടുകളിൽ ഭൂരിഭാഗവും എസ്റ്റിമേറ്റ് നിരക്കിലാണ് കരാറുകൾ ഏറ്റെടുത്തിട്ടുള്ളത്. ഇത് ഏജൻസി വഴി നടപ്പിലാക്കിയതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയത് എന്നതടക്കമുള്ള അപാകതകൾ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്നതിനാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലാ പഞ്ചായത്തിൽ യോഗം ചേർന്നത്.
പ്രതിപക്ഷത്ത് നിന്നുള്ള അഡ്വ. പി.പി.മോഹൻദാസാണ് ചർച്ചയ്ക്ക് തുടക്കമിട്ടിട്ടത്. അക്രിഡറ്റഡ് ഏജൻസികൾക്ക് പ്രവൃത്തികൾ നൽകുന്നതിൽ തെറ്റില്ലെങ്കിലും ജില്ലാ പഞ്ചായത്തിന്റെ എൻജിനീയറിംഗ് വിഭാഗത്തെ ഉപയോഗപ്പെടുത്തി ചെയ്യാമായിരുന്നെന്നും ഇതിലൂടെ വലിയൊരു തുക മിച്ചം കണ്ടെത്താനാവുമായിരുന്നെന്നും മോഹൻദാസ് പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നും മോഹൻദാസ് ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച പ്രതിപക്ഷത്ത് നിന്നുള്ള ഇ.അഫ്‌സൽ ഓഡിറ്റ് റിപ്പോർട്ട് ഗൗരവത്തിൽ കാണാതിരുന്നാൽ അഴിമതി നടത്തുന്നവർക്കുള്ള ലൈസൻസായി ഏജൻസി പ്രവൃത്തികൾ മാറുമെന്ന് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണങ്ങളെ ഭരണപക്ഷാംഗങ്ങൾ തള്ളി.
സംസ്ഥാനത്ത് തന്നെ ഏറ്റവും പരാതി കുറഞ്ഞ ഓഡിറ്റ് റിപ്പോർട്ടാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റേതെന്ന് പി.വി.മനാഫ് പറഞ്ഞു. ഉദ്യോഗസ്ഥർ വിശീകരണം നൽകിയാൽ തിരുത്താവുന്ന പ്രശ്നങ്ങളെ റിപ്പോർട്ടിൽ ഉള്ളൂവെന്ന് മനാഫ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ വരെ അക്രഡിറ്റഡ് ഏജൻസികൾക്ക് പ്രവൃത്തികൾ നൽകിയിട്ടുണ്ടെന്ന് കെ.ടി.അജ്മൽ പറഞ്ഞു.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എം.എൽ.എമാർ അടക്കം അക്രഡിറ്റഡ് ഏജൻസികൾക്ക് പ്രവൃത്തികൾ നൽകാറുണ്ടെന്നും ജില്ലാ പഞ്ചായത്ത് കൈമാറുമ്പോൾ വലിയ അപരാധമായി പറയുന്നത് ശരിയല്ലെന്നും വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം ചർച്ചയിൽ മറുപടിയായി പറഞ്ഞു. 1,300ഓളം പ്രവൃത്തികളിൽ 54 എണ്ണത്തിൽ മാത്രമാണ് ഓഡിറ്റ് വിഭാഗം അപാകതകൾ ചൂണ്ടികാട്ടിയതെന്നും ഇതിൽ അതത് വിഭാഗങ്ങളിലെ ജീവനക്കാർ വിശദീകരണം നൽകുമെന്നും പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |