കാളികാവ്: വേനൽ തുടങ്ങിയപ്പോഴേക്കും മലയോരത്തെ പ്രധാന പുഴകളെല്ലാം വറ്റി തുടങ്ങി. കാളികാവ് പഞ്ചായത്തിലെ ജല ശ്രോതസ്സുകളായ ഈനാദി പുഴയും കാളികാവ് പുഴയും നീരൊഴുക്ക് പാടെ നിലച്ചു. ചില തടയണകളിൽ മാത്രമാണ് വെള്ളമുള്ളത്. പഞ്ചായത്തിലെ ഇരുപതോളം തോടുകളും പൂർണ്ണമായും മണൽപരപ്പായി. വരൾച്ചയെ നേരിടുന്നതിന് പുഴകളിൽ വ്യാപകമായി തടയണകൾ നിർമ്മിക്കലാണ് പോംവഴി. പുഴകളിൽ ഒഴുക്ക് നിലക്കുന്നതിന്റെ മുമ്പ് തടയണ നിർമ്മിക്കണമെന്ന ആവശ്യം ആരും ശ്രദ്ധിക്കാറില്ല. അധികൃതർ പുഴകളിലും തോടുകളിലും തടയണ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പുഴ മണൽക്കുനയാകുമ്പോഴാണ്. വേനൽ മാറി മഴയാകുന്നതോടെ താത്കാലിക തടയണ ഒഴുക്കിൽ പെടുകയും ചെയ്യും. കല്ലൻ പുഴയിലും കാളികാവ് പുഴയിലും സ്ഥിരമായി തടയണ നിർമിച്ചാൽ വേനൽക്കാലത്തെ ജലക്ഷാമത്തിന് അൽപ്പം ആശ്വാസം ലഭിക്കും. കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് കാളികാവ് പഞ്ചായത്തിൽ വരൾച്ച രൂക്ഷമാകാൻ തുടങ്ങിയത്. പഞ്ചായത്തിലെ നൂറ് ശതമാനം ചതുപ്പ് നിലങ്ങളും നെൽപാടങ്ങളും മണ്ണിട്ട് നികത്തുകയൊ നിലങ്ങളിൽ റബ്ബർ കൃഷി ഇറക്കുകയൊ ചെയ്തിട്ടുണ്ട്. ഓരൊ വർഷവും നേരത്തെയാണ് വരൾച്ച തുടങ്ങുന്നത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ചിറകളായ ചാഴിയോട്,കാളികാവ് പാലം,ഉദരം പൊയിൽ,അമ്പലക്കടവ്,പരിയങ്ങാട് രണ്ടു ചിറകൾ ഇവയെല്ലാം മുക്കാൽ ഭാഗവും മണ്ണടിഞ്ഞ് നികന്നിട്ടുമുണ്ട്. തടയണകളിലെ മണലും മണ്ണും വാരിയെടുക്കാൻ നടപടിയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |